ഉപ്പള.ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഉപ്പള നഗരത്തിൽ മണിക്കൂറുകളോളമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉപ്പള വ്യാപാര ഭവനിൽ യോഗം ചേർന്നു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം, കരാരുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിപ്രതിനിധികൾ, പൊലിസ്, എം.വി.ഡി, വ്യാപാരി പ്രതിനിധികൾ സംബന്ധിച്ചു.
ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും വിദ്യാഭ്യാസ,തൊഴിൽ സ്ഥാപനങ്ങളിലേക്കും പോകേണ്ടവർക്ക് കൃത്യ സമയത്ത് എത്താനാവാത്തതിൽ യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണാനാണ് യോഗം ചേർന്നത്.
ജന പ്രതിനിധികളും വ്യാപാരികളും ടാക്സി ജീവനക്കാരും നാട്ടുകാരും അവരവർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും യോഗത്തിന് മുൻപിൽ അവതരിപിപ്പിച്ചു. കൂടുതൽ ആക്സസ് ഉണ്ടാവേണ്ട ആവശ്യകതയും പോലീസിന്റെ ഭാഗത്ത് നിന്ന് അടിക്കടിയുണ്ടാകുന്ന പിഴയിടുന്നതും, ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ സർവീസ് റോഡിൽ നിർത്തുന്നതും, സർവ്വീസ് റോഡിൽ ടാക്സി-സ്വകാര്യ വാഹന പാർക്കിങ്ങും, ഷോപ്പുടമകൾ കടയുടെ മുൻവശത്തെ പൊതു സ്ഥലം കയ്യേറുന്നതും, ട്രാഫിക്ക് ബ്ലോക്ക് രൂക്ഷമാകാൻ കാരണമാവുന്നുണ്ടെന്നും ഫ്‌ളൈ ഓവർ നിർമ്മാണം വേഗത്തിലാക്കണമെന്നുമൊക്കെയുള്ള കാര്യങ്ങൾ യോഗത്തിൽ ഉയർന്നു വന്നു.
ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം കാണുന്നതിനായി ആഗസ്ത് 27 ചൊവ്വാഴ്ച്ച കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ തീരുമാനങ്ങൾ എടുക്കുമെന്ന് എകെഎം അഷ്‌റഫ് എംഎൽഎ യോഗത്തെ അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ റഹ്‌മാൻ ഗോൾഡൻ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് റുബീന, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ദേശീയ പാത അതോറിറ്റി ഡെപ്യുട്ടി മാനേജർ ജസ്പ്രീത്, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ എസ്‌ഐ വൈശാഖ്, എഎംവിഐ മനീഷ്, അസീസ് മരിക്കെ, വ്യാപാരി പ്രതിനിധികൾ, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.