തട്ടിക്കൊണ്ടുപോയയാൾക്കൊപ്പം ഒന്നിച്ചു കഴിഞ്ഞത് 14 മാസം, ഒടുവിൽ വിട്ടുപിരിയാനാകാതെ രണ്ടുവയസ്സുകാരൻ; പൊട്ടിക്കരഞ്ഞ് പ്രതിയും

0
269

ഒരു അസാധാരണ സംഭവത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പുര്‍ പോലീസ് സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. തട്ടിക്കൊണ്ടുപോയ പ്രതിയെ വിട്ടുപിരിയാനാകാതെ രണ്ട് വയസുകാരന്‍ വാശി പിടിച്ചതാണ് ആ സംഭവം. കുഞ്ഞ് കരയുന്നത് കണ്ട് പ്രതിയും കരഞ്ഞു. ഇതോടെ പോലീസുകാര്‍ കുഴങ്ങി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് ചാഹര്‍ തട്ടിക്കൊണ്ടുപോയത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം കുട്ടിയെ പോലീസ് കണ്ടെത്തി. എന്നാല്‍ ഇയാളെ വേര്‍പിരിയാന്‍ പൃഥ്വി
ഒരുക്കമല്ലായിരുന്നു. പ്രതിയെ കെട്ടിപ്പിടിച്ച് കുട്ടി കരയുന്നതും വീഡിയോയില്‍ കാണാം. തട്ടിക്കൊണ്ടുപോകുമ്പോള്‍ 11 മാസമായിരുന്നു പൃഥ്വിയുടെ പ്രായം.

ജയ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതിയെ അമര്‍ത്തിപ്പിടിച്ച് കുട്ടി ഉച്ചത്തില്‍ കരയുന്നതും ഇതുകണ്ട് സഹിക്കാനാകാതെ പ്രതി കരയുന്നതും വീഡിയോയില്‍ കാണാം. പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയില്‍ നിന്ന് പൃഥ്വിയെ വാങ്ങി അമ്മയുടെ കൈയിലേക്ക് ഏല്‍പിക്കുമ്പോഴും കുട്ടി കരയുന്നുണ്ടായിരുന്നു.

ജയ്പുരിലെ സന്‍ഗാനര്‍ സദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ പ്രതി തനൂജ് കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്. പോലീസ് ഹെഡ് കോണ്‍സ്റ്റബ്ള്‍ കൂടിയായ ഇയാള്‍ കുറച്ച് കാലമായി സസ്‌പെന്‍ഷനിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വേഷം മാറി സന്യാസിയായി അലീഗഢിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പ്രതി പുതിയ ആളുകളെ പരിചയപ്പെടാതിരിക്കാനും ശ്രമിച്ചു. അലീഗഢിലെത്തിയ പോലീസ് സംഘത്തെ കണ്ട് കുട്ടിയേയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തനൂജിനെ എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കൊപ്പം ജീവിക്കാന്‍ പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പൂനം ഇത് വിസമ്മതിച്ചതോടെ പ്രതി സഹായികളേയും കൂട്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ പൂനം അംഗീകരിക്കാന്‍ വേണ്ടിയായിരുന്നു കുട്ടിയെ തട്ടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here