Wednesday, January 22, 2025
Home Latest news ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ കാരണം അവ‍ർ 3 പേർ : രോഹിത് ശർമ

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ കാരണം അവ‍ർ 3 പേർ : രോഹിത് ശർമ

0
116

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്.

മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിലെ നെടുന്തൂണുകളെന്ന് രോഹിത് വ്യക്തമാക്കി. ലോകകപ്പ് നേട്ടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും ലോകകപ്പ് നേട്ടം ആരാധകർക്കൊപ്പം ആഘോഷിക്കാനായത് വലിയ സന്തോഷമെന്നും രോഹിത് പറഞ്ഞു. റെക്കോർഡുകളെക്കുറിച്ചോ മത്സരഫലത്തെക്കുറിച്ചോ ചിന്തിക്കാതെ നിർഭയരായി കളിക്കാൻ കളിക്കാരെ ഒരുക്കിയെടുക്കുക എന്നതായിരുന്നു എൻറെ സ്വപ്നം. അതിന് എനിക്ക് ഈ മൂന്ന് പേരിൽ നിന്ന് കിട്ടിയത് വലിയ പിന്തുണയായിരുന്നു. നിർണായക ഘട്ടങ്ങളിൽ ടീമിനായി മികവ് കാട്ടിയ താരങ്ങളെ മറക്കുന്നില്ല. പക്ഷെ അവർക്കൊപ്പം തന്നെ പ്രധാനമായിരുന്നു ഇവർ മൂന്ന് പേരും നൽകിയ പിന്തുണയും. അതാണ് ഇപ്പോൾ ഈ നേട്ടങ്ങൾക്കെല്ലാം കാരണമായതും.

ഞാൻ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയതിന് ഒരു കാരണമുണ്ട്. ഒരിക്കൽ നിങ്ങൾ വിജയത്തിൻറെ രുചി അറിഞ്ഞാൽ പിന്നീട് നിങ്ങൾക്കത് നിർത്താനാവില്ല. കിരീടങ്ങൾ നേടുന്നതും അതുപോലെയാണ്. അതുകൊണ്ടു തന്നെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിരീടം നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ടീമെന്ന നിലയിൽ അതിനായി കഠിനമായി പ്രയത്നിക്കുമെന്നും രോഹിത് പറഞ്ഞു.

സെപ്റ്റംബർ 19ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കാനിറങ്ങുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ശേഷം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. അതിനുശേഷം നവംബറിൽ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here