മ്യൂസിയത്തിലുമെത്തിയില്ല, റോഡിലുമില്ല; കോടികള്‍ മുടക്കി വാങ്ങിയ ‘നവകേരള ബസ്’ കട്ടപ്പുറത്താണ്

0
94

തുടക്കംമുതല്‍ വിവാദങ്ങളുടെ വഴിയില്‍ കുതിച്ച നവകേരളബസ് കോഴിക്കോട്ട് കട്ടപ്പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്കായി വിനിയോഗിച്ച ആഡംബരബസാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് റീജണല്‍ വര്‍ക്ഷോപ്പില്‍ കിടക്കുന്നത്. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പൊടിപിടിച്ചുകിടക്കുന്നത്.

സര്‍വീസ് നിര്‍ത്തി ജൂലായ് 21-നാണ് ബസ് റീജണല്‍ വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട്ടുനിന്നാണ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെടുക്കുന്നത് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തുനിന്നാണ്. കോടികള്‍ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബസ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

എന്നാല്‍, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ മൂലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. നവകേരളയാത്ര കഴിഞ്ഞ് ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമര്‍ശനം ശക്തമായതോടെ മേയ് അഞ്ചുമുതല്‍ കോഴിക്കോട് ബെംഗളൂരുറൂട്ടില്‍ ഗരുഡപ്രീമിയം സര്‍വീസായി ഓടിക്കുകയായിരുന്നു.

ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോര്‍ച്ചയുണ്ടായി. യാത്രക്കാര്‍ ഇല്ലാതെയും ഒട്ടേറെത്തവണ സര്‍വീസ് മുടങ്ങി. ആദ്യദിനങ്ങളില്‍ ബസില്‍ ടിക്കറ്റ് ബുക്കിങിന് വന്‍തിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭത്തിലും മാത്രമാണ് മുഴുവന്‍ സീറ്റുകളിലും ആളുണ്ടായിരുന്നത്. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസ്, ഒറ്റയാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി.

ഇത് വാര്‍ത്തയായതോടെ യാത്രക്കാരില്ലെങ്കിലും ബസ് ഓടണമെന്ന് തിരുവനന്തപുരത്തുനിന്ന് ഇ.ഡി. ഓപ്പറേഷന്‍ വിഭാഗം കര്‍ശന നിര്‍ദേശം നല്‍കി. അതിനിടെയാണ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡില്‍ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അധികൃതര്‍ക്കോ വര്‍ക്ഷോപ്പ് അധികൃതര്‍ക്കോ അറിയില്ല. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here