ഇത്തവണ പപ്പടമല്ല, മട്ടണ്‍ കറി; വരന്റെ ബന്ധുക്കള്‍ക്ക് മട്ടണ്‍ നല്‍കിയത് കുറഞ്ഞുപോയി; വിവാഹ പന്തലില്‍ പൂഴി പറത്തി കൂട്ടത്തല്ല്

0
211

ആലപ്പുഴയിലെ വിവാഹ പന്തലില്‍ പപ്പടത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്ന സംഭവത്തിന് സമാനമായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന് സാക്ഷിയാകേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. വിവാഹ വേദിയിലെ കൂട്ടത്തല്ലിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദിലെ ഒരു വിവാഹ വേദിയില്‍ നടന്ന കൂട്ടത്തല്ല് ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

നിസാമാബാദിലെ നവിപേട്ടില്‍ വധുവിന്റെ വീട്ടില്‍ വച്ച് നടത്തിയ വിവാഹ സല്‍ക്കാരത്തിലാണ് അടി പൊട്ടിയത്. ചെറിയ വഴക്കില്‍ ആരംഭിച്ച സംഭവം കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. നന്ദിപേട്ടില്‍ നിന്നുള്ള വരന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ മട്ടണ്‍ കറി കുറഞ്ഞുപോയതാണ് വഴക്കിന് കാരണം. മട്ടണ്‍ കറി വിളമ്പിയത് കുറഞ്ഞുപോയതിനെ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ അത് ചോദ്യം ചെയ്യുകയായിരുന്നു.

വധുവിന്റെ ബന്ധുക്കളെ കുറ്റപ്പെടുത്തി സംസാരിച്ചതോടെ വഴക്ക് കൈയ്യാങ്കളിയ്ക്ക് വഴിമാറി. നിമിഷങ്ങള്‍ക്കുള്ളില്‍ വിവാഹ പന്തലിന്റെ അന്തരീക്ഷം മാറി. പാത്രങ്ങളും കസേരയും മറ്റ് സാധനങ്ങളും എടുത്ത് ചേരി തിരിഞ്ഞ് ആക്രമിച്ചു. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

കൂട്ടത്തല്ലില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സ്ത്രീ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here