മാഡ്രിഡ്: രാജ്യാന്തര ട്വന്‍റി 20യില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്‌പെയിന്‍ പുരുഷ ക്രിക്കറ്റ് ടീം. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന പുരുഷ ടീം എന്ന നേട്ടമാണ് സ്‌പെയിന്‍ സ്വന്തമാക്കിയത്. സ്‌പാനിഷ് കുതിപ്പില്‍ ടീം ഇന്ത്യയടക്കം വഴിമാറി.
രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി 14 വിജയങ്ങള്‍ നേടുന്ന ആദ്യ പുരുഷ ടീം എന്ന റെക്കോര്‍ഡ് പേരിലാക്കിയിരിക്കുകയാണ് സ്‌പെയിന്‍ ക്രിക്കറ്റ് ടീം. ഐസിസി പുരുഷ ടി20 ലോകകപ്പിന്‍റെ യൂറോപ്യന്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഗ്രീസിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചതോടെയാണ് സ്‌പെയിന്‍ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐൽ ഓഫ് മാന്‍ ടീമിനെ തോല്‍പിച്ച് തുടങ്ങിയ കുതിപ്പാണ് സ്‌പെയിന്‍ 14 വിജയങ്ങളില്‍ എത്തിച്ചിരിക്കുന്നത്. 13 വിജയങ്ങള്‍ വീതം നേടിയ ബെര്‍മുഡ, മലേഷ്യ ടീമുകളുടെ പേരിലായിരുന്നു പുരുഷ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ടി20 വിജയങ്ങളുടെ മുന്‍ റെക്കോര്‍ഡ്.
ടീം ഇന്ത്യയെയും സ്‌പെയിന്‍ പിന്നിലാക്കി എന്ന് പറയാം. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ 12 വീതം രാജ്യാന്തര ടി20 വിജയങ്ങളുമായി ഇന്ത്യയുടെയും അഫ്‌ഗാനിസ്ഥാന്‍റെയും പേരിലാണ് റെക്കോര്‍ഡുള്ളത്. അതേസമയം ആകെ കണക്കില്‍ തായ്‌ലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിന്‍റെ പേരിലാണ് കുട്ടി ക്രിക്കറ്റില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോര്‍ഡുള്ളത്. തായ്‌ലന്‍ഡ് വനിതാ ടീം 17 മത്സരങ്ങള്‍ ഇത്തരത്തില്‍ വിജയിച്ചിട്ടുണ്ട്.
യൂറോപ്യന്‍ ക്വാളിഫയര്‍ റൗണ്ടില്‍ ഗ്രീസിനെ ഏഴ് വിക്കറ്റിനാണ് സ്‌പെയിന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗ്രീസ് നിശ്ചിത 20 ഓവറില്‍ 96/9 എന്ന സ്കോറിലൊതുങ്ങി. മറുപടി ബാറ്റിംഗില്‍ സ്‌പെയിന്‍ 13 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സ്‌പെയിനായി ഹംസ സലീം ദര്‍ (32), മുഹമ്മദ് ഇഹ്സാന്‍ (26), യാസിര്‍ അലി (25) എന്നിവര്‍ തിളങ്ങി. നേരത്തെ ബൗളിംഗില്‍ മൂന്ന് വിക്കറ്റും യാസിര്‍ അലി നേടിയിരുന്നു.