വജ്രായുധം ഇറക്കി ജിയോ; തകര്‍പ്പന്‍ അണ്‍ലിമിറ്റ‍ഡ് പ്ലാന്‍ അവതരിപ്പിച്ചു, മെച്ചം അനവധി

0
125

മുംബൈ: താരിഫ് നിരക്ക് വര്‍ധനവുകളിലെ വിമര്‍ശനം തുടരുന്നതിനിടെ തകര്‍പ്പന്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോയുടെ നീക്കം. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം മറ്റൊരു ആനുകൂല്യവും ഈ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും.

പിണങ്ങിയവരെ തിരിച്ചുകൊണ്ടുവരാന്‍ വജ്രായുധം ഇറക്കിയിരിക്കുകയാണ് റിലയന്‍സ് ജിയോ. 198 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ പരിധിയില്ലാതെ 5ജി ആസ്വദിക്കാനാകും. 14 ദിവസമാണ് ഈ റീച്ചാര്‍ജ് പ്ലാനിന്‍റെ വാലിഡിറ്റി. ഇതിന് പുറമെ ദിവസവും 2 ജിബി 4ജി ഡാറ്റയും ലഭ്യമാകും. പരിധിയില്ലാത്ത കോളും ദിവസവും 100 സൗജന്യ എസ്എംഎസും വീതവും ചേരുമ്പോള്‍ ഈ പാക്കേജ് വളരെ ആകര്‍ഷകമാകുന്നു. രണ്ടാഴ്‌ചത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ ചെയ്യുന്ന ഏറ്റവും മികച്ച ജിയോയുടെ പ്ലാനാണിത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും. എന്നാല്‍ ജിയോ സിനിമയുടെ പ്രീമിയം പ്ലാന്‍ ഈ കോംപ്ലിമെന്‍ററി ഓഫറിന്‍റെ കൂടെ ലഭിക്കില്ല.

ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് ട്രൂ 5ജി ഡാറ്റ നല്‍കുന്ന പ്ലാനിന് ജിയോ 349 രൂപയാണ് ഈടാക്കുന്നത്. ഈ പാക്കേജില്‍ 28 ദിവസത്തേക്ക് ദിനംപ്രതി 2 ജിബി 4ജി ഡാറ്റയും ഉപയോഗിക്കാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും.

ജൂലൈ ആദ്യവാരം താരിഫ് നിരക്കുകള്‍ ജിയോ വര്‍ധിപ്പിച്ചത് ഉപഭോക്താക്കളെ പിണക്കിയിരുന്നു. ജിയോയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിരക്കുകള്‍ കൂട്ടി. പഴയ നിരക്കുകളില്‍ തുടരുന്ന ബിഎസ്എന്‍എല്ലിലേക്ക് ഇതിന് പിന്നാലെ നിരവധി ഉപഭോക്താക്കള്‍ പോര്‍ട്ട് ചെയ്‌ത് എത്തിയിരുന്നു. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നവരും വര്‍ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here