ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന; ആകെ വരുമാനത്തിലും കുതിപ്പ്

0
99

മുംബൈ: തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന. 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം അധിക വര്‍ധന നേടാന്‍ 2023ല്‍ ബിസിസിഐക്കായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ലെ ആകെ വരുമാനം 11,769 കോടിയായി. അതേസമയം, ചെലവിനത്തിലും 2023ല്‍ ബിസിസിക്ക് വര്‍ധനയുണ്ടായി. തൊട്ട് മുൻ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ ചെലവ് 66 ശതമാനം വര്‍ധിച്ച് 6648 കോടിയായി.

2023 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണവകാശ വില്‍പനയും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് പുതുക്കിയതും വരുമാന വര്‍ധനവിന് കാരണമായി. 2023 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ടിവി സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സ് 23,575 കോടി രൂപക്കും ഡിജിറ്റല്‍ സംപ്രേഷണ അവകാശം ജിയോ സിനിമ 23,758 കോടി രൂപക്കുമാണ് സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷഷണവകാശം വിറ്റതുവഴി മാത്രം ബിസിസിഐയുടെ പോക്കറ്റിലെത്തിയത് 48,390 കോടി രൂപയാണ്.

ആദ്യമായാണ് ബിസിസിഐ ഡിജിറ്റല്‍, ടിവി സംപ്രഷേണവകാശങ്ങള്‍ വെവ്വേറെ ലേലം ചെയ്തത്. ഐപിഎല്‍ ടൈറ്റില്‍ അവകാശം ടാറ്റാ സണ്‍സ് 2500 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തേക്ക് പുതുക്കിയത്. ഇതാണ് വരുമാന വര്‍ധനക്ക് കാരണമായത്. ഇതിന് പുറമെ അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പ് വിറ്റ വകയില്‍ 1485 കോടി രൂപയും ഐപിഎൽ മീഡിയ റൈറ്റ്സ് വിറ്റ വകയില്‍ 8744 കോടി രൂപയും ബിസിസിഐ അക്കൗണ്ടിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീമുകളുടെ വരുമാനത്തിലും റെക്കോര്‍ഡ് വര്‍ധനയുണ്ടായി. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ടീമുകളുടെ വരുമാനത്തില്‍ 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1975ലെ തമിഴ്നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിസിഐ ലോകത്തെ ഏറ്റവും വരുമാനമുള്ള ക്രിക്കറ്റ് സംഘടനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here