ബിജെപിയിൽ ചേർന്നതിൽ ഖേ​ദിക്കുന്നു; മുൻ മന്ത്രി കോൺഗ്രസിൽ തിരിച്ചെത്തി

0
168

ചണ്ഡീഗഡ്: രണ്ട് വർഷം മുമ്പ് ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻ മന്ത്രി സുന്ദർ ഷാം അറോറ കോൺഗ്രസിൽ തിരിച്ചെത്തി. പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ദേവേന്ദർ യാദവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് സുന്ദർ കോൺഗ്രസിൽ തിരിച്ചെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഹോഷിയാർപൂരിൽ നിന്ന് രണ്ട് തവണ എംഎൽഎയായ അറോറ അമരീന്ദർ സിങ് സർക്കാരിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.

ബിജെപിയിൽ ചേർന്ന തന്റെ തീരുമാനത്തിൽ ഖേദമുണ്ടെന്നും പഞ്ചാബിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും കോൺഗ്രസിലേക്ക് തിരിച്ചെത്തിയതിനു ശേഷം അറോറ പറഞ്ഞു. ബിജെപി പഞ്ചാബിന് വേണ്ടി എന്തെങ്കിലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് തെറ്റായിപ്പോയി. കോൺഗ്രസിന് മാത്രമേ സംസ്ഥാനത്തെ കാര്യക്ഷമമായി നയിക്കാൻ കഴിയൂ. സുന്ദർ ഷാം അറോറ കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ദീർഘവീക്ഷണമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതാപ് സിങ് ബജ്വയും ചരൺജിത് സിങ് ചന്നിയുമായി അറോറ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് മുതൽ ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാർട്ടി വിട്ടതിനു ശേഷവും കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം നിലനിർത്തിയിരുന്ന അറോറ, തന്റെ ഉപദേഷ്ടാവ് സുനിൽ ജാഖറിന്റെ സാന്നിധ്യത്തിൽ മാത്രമാണ് ബിജെപി പരിപാടികളിൽ പങ്കെടുത്തിരുന്നുത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഹോഷിയാർപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ നിന്ന് അറോറ വിട്ടുനിന്നത് ബിജെപിയുമായുളള അദ്ദേഹത്തിന്റെ അകൽച്ച ചർച്ചയാകാൻ കാരണമായി. സുന്ദർ ഷാം അറോറയെ തിരികെയെത്തിക്കാൻ കോൺഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു.

സുന്ദർ ഷാം പഞ്ചാബിലെ വ്യാവസായിക പ്ലോട്ട് ട്രാൻസ്ഫർ ഇടപാടിൽ അഴിമതി ആരോപണങ്ങൾ നേരിടുകയും ഏജൻസിയുടെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലിന് കൈക്കൂലി നൽകാൻ ശ്രമിക്കവേ വിജിലൻസിന്റെ അറസ്റ്റിലാവുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here