റിയാദ്: സുപ്രധാന തീരുമാനങ്ങളുമായി 2025ലെ ഹജ്ജ് നയം ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കി. അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർ ഹജ്ജിന് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് പുതിയ ഹജ്ജ് നയം വെളിപ്പെടുത്തിയത്.
സൗദി അറേബ്യയിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൺതുണയില്ലാതെ (മഹ്‌റമില്ലാതെ) ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ഒരു സഹായി കൂടെയുണ്ടാവണം. കൂടെ വരുന്നവർ 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആയിരിക്കണം.
അതുപോലെ വളൻറിയറെ അനുവദിക്കുന്ന രീതിയിലും മാറ്റമുണ്ട്. 150 തീർഥാടകർക്ക് ഒരു വളൻറിയർ എന്ന തോതിൽ അടുത്ത ഹജ്ജ് മുതൽ അനുവദിക്കും. 2023ലെ ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിലും ഈ വർഷത്തെ ഹജ്ജിൽ 200 പേർക്ക് ഒരാളെന്ന തോതിലുമായിരുന്നു വളൻറിയർമാരെ അനുവദിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകെ ഹജ്ജ് ക്വാട്ടയിൽ അടുത്ത വർഷം മുതൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുമായിരിക്കും അനുവദിക്കുക. നേരത്തെ ഇത് യഥാക്രമം 80, 20 എന്ന തോതിലായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കികൊണ്ട് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘ഹജ്ജ് സുവിധ’ ആപ്പ് അടുത്ത വർഷവും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഹാജിമാർക്കായി ഉപയോഗപ്പെടുത്തും. 210 ഇന്ത്യൻ ഹാജിമാരാണ് ഈ വർഷം ഹജ്ജിനെത്തിയവരിൽ മരണമടഞ്ഞത്. ഇത് സാധാരാണ എല്ലാ വർഷവും ഉണ്ടാവുന്ന കണക്ക് മാത്രമാണെന്നും ഈ വർഷം കൂടുതൽ ഇന്ത്യക്കാർ മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.