മസ്കത്ത്: വയനാട് ദുരന്തത്തിൽ കുടുംബത്തിലെ 11 അംഗങ്ങൾ നഷ്ടപ്പെട്ട ഒമാനിലെ ജാലാൻ ബനീ ബുആലിയിൽ പ്രവാസം ജീവിതം നയിക്കുന്ന മുണ്ടക്കൈ സ്വദേശി കളത്തിങ്കൽ നൗഫലിന് കൈത്താങ്ങുമായി ഒമാനിലെ പ്രവാസികൾ. ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഒമാനിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരേമനസ്സോടെ മുന്നോട്ട് വരുകയാണ്. സഹായ വാഗ്ദാനവുമായി പലരും വരുന്നുണ്ടെങ്കിലും വിഷയത്തിൽ ആദ്യം രംഗത്തെത്തിയത് മസ്കത്ത് കെ.എം.സി.സിയാണ്.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നൗഫലിനെ പൂർണമായി ഏറ്റെടുക്കുമെന്ന് കെ.എം.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമദ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നൗഫലിന് താമസിക്കാനാവശ്യമായ വീട്, ആവശ്യമാണെങ്കിൽ വീടിന് സ്ഥലം, നാട്ടിൽ തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉപജീവന മാർഗം, മറ്റ് സഹായങ്ങൾ ആവശ്യമാണെങ്കിൽ അവയെല്ലാം മസ്കത്ത് കെ.എം.സി.സി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൗഫലിന് അടിയന്തര സഹായമായി ഒരു തുക നൽകിയിരുന്നു. എന്നാൽ നൗഫർ ആകെ തകർന്നിരിക്കയാണെന്നും ആവശ്യങ്ങൾ പറയാനോ പ്രതികരിക്കാനോയുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാര്യങ്ങൾ പിന്നീട് കൃത്യമായി അന്വേഷിച്ച ശേഷം ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് റഈസ് അഹമദ് പറഞ്ഞു. നൗഫലിന് സഹായവുമായി മറ്റു നിരവധി വ്യക്തികളും രംഗത്തുണ്ട്. ആവശ്യമായതെല്ലാം നൽകുമെന്നാണ് മറ്റു പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും പ്രതികരിച്ചത്.
അതിനിടെ ജാലാൻ ബനീ ബുആലിയിൽ നൗഫലിനോടൊപ്പം ആറു വർഷമായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി ഹംസക്ക നൗഫലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നൗഫൽ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണെന്നും രണ്ടു ദിവസംകൊണ്ട് വാടക വീട്ടിലേക്ക് മാറുമെന്നും അറിയിച്ചിരുന്നു. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട രണ്ടാമത്തെ പെങ്ങൾക്കും മൂത്ത പെങ്ങൾക്കും വാടക വീട് ലഭിച്ചിട്ടുണ്ട്. തൽക്കാലം നൗഫൽ അവരോടൊപ്പമാണ് താമസിക്കുക അദ്ദേഹം കൂട്ടിച്ചേർത്തു. ഹംസക്ക നടത്തുന്ന കാറ്ററിങ് കമ്പനിയിലാണ് നൗഫൽ ജോലി ചെയ്യുന്നത്. പൊതുവെ ശാന്ത പ്രകൃതനും കുറച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന ആളാണ് നൗഫലെന്ന് ഹംസക്ക പറഞ്ഞു. അതിനാൽ കുടുതൽ ചോദിച്ചറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾ പൊട്ടൽ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ് നൗഫലിന് നാട്ടിൽ നിന്ന് ഫോൺ വന്നത്. ഉരുൾ പൊട്ടൽ ഉണ്ടായെന്നും നൗഫലിന്റെ വീടും സ്ഥലവും കാണാനില്ലെന്നും ഒലിച്ച് പോയെന്നുമായിരുന്നു നാട്ടിൽ നിന്നുള്ള ഫോൺ സന്ദേശം. ഇതോടെ നൗഫൽ കരയാൻ തുടങ്ങിയെങ്കിലും വീട് ഒലിച്ച് പോയെങ്കിലും വീട്ടിലുള്ളവർ എവിടെയെങ്കിലുമുണ്ടായിരുക്കുമെന്നാണ് നൗഫൽ കരുതിയത്. എന്നാൽ നാട്ടിലെ സഹോദരിയുടെ മകനെ വിളിച്ചപ്പോഴാണ് ഉപ്പയും ഉമ്മയും മരിച്ചെന്ന വിവരം അറിയുന്നത്. അതോടെ നൗഫൽ നിയന്ത്രണം വിടുകയായിരുന്നു.
പിന്നീട് രാവിലെ തന്നെ ടിക്കറ്റെടുത്ത് രാത്രി 11.30 മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സലാം എയറിൽ നാട്ടിൽ അയക്കാനുള്ള ശ്രമമായിരുന്നു. ആകെ തകർന്നു പോയ നൗഫലിനെ ബുആലിയിൽ നിന്ന് 300ലധികം കിലോ മീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ എത്തിക്കലും നാട്ടിലേക്കും അയക്കലും ഏറെ ശ്രമകരമായിരുന്നുവെന്ന് ഹംസക്ക പറഞ്ഞു. വിമാനത്താവളത്തിൽ ദുരന്തം അറിഞ്ഞ് നാട്ടിൽ പോവുന്ന മറ്റ് മൂന്ന് പേർ കൂടിയുണ്ടായത് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഉപ്പയുടെയും ഉമ്മയുടെയും മൃതദേഹം കിട്ടിയെങ്കിലും നൗഫലിനെ കാത്തിരിക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ ആദ്യം ഉപ്പയുടെയും പിന്നീട് ഉമ്മയുടെയും മൃതദേഹം മറവ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് നൗഫലിന്റെ മൂത്ത മകൾ നഫ്ല നസ്റിന്റെ മൃതദേഹം ലഭിച്ചത്. സഹോദരന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷ ആമിന എന്നിവരുടെ മൃതദേഹങ്ങൾ തെട്ടടുത്ത ദിവസങ്ങളിലാണ് ലഭിച്ചത്. ആറു പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. നൗഫലുമായി നിരന്തരം ബന്ധപ്പെടുമെന്നും നാട്ടിൽ പോയാൽ ഉടൻ നൗഫലിനെ പോയി കാണുമെന്നും ഹംസക്ക പറഞ്ഞു. ഒമാനിലെ വിസ നിലവിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും ജോലിയിൽ വന്ന് ചേരാമെന്നും ഹംസക്ക പറഞ്ഞു.