മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ വനിതാ അംഗം ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍

0
92

കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ട ആശുപത്രിയിലേക്ക് മാറ്റി. സ്വന്തം വാര്‍ഡിലെ 25 വര്‍ഷം പഴക്കമുള്ള രണ്ട് അംഗന്‍വാടികള്‍ തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് അവ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കെട്ടിടം പണിയാന്‍ പഞ്ചായത്ത് ശ്രമിച്ചില്ല. പകരം വാടക ഇല്ലാതെ കിട്ടിയ രണ്ടു കെട്ടിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. പ്രസ്തുത കെട്ടിടങ്ങളും ശോചനീയാവസ്ഥയിലാണ്. ഭരണസമിതി യോഗം ആരംഭിച്ച ഉടനെ തന്റെ വാര്‍ഡിലെ അംഗന്‍വാടികളുടെ കാര്യം എന്തായി എന്ന് റുബീന ആരാഞ്ഞു. അടുത്ത യോഗത്തില്‍ അക്കാര്യം തീരുമാനിക്കാമെന്നു അധികൃതര്‍ മറുപടി നല്‍കിയതോടെ അക്കാര്യം വ്യക്തമാക്കിയിട്ട് യോഗം നടത്തിയാല്‍ മതിയെന്നും തന്നെയും ജനങ്ങളാണ് തെരഞ്ഞെടുത്തതെന്നും റുബീന പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അംഗന്‍വാടി കെട്ടിടങ്ങള്‍ പോലും നിര്‍മ്മിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്നു പഞ്ചായത്തംഗം യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന ഉറക്കഗുളികകള്‍ വിഴുങ്ങിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബോധം കെട്ടുവീണ റുബീനയെ ഭരണസമിതി അംഗങ്ങളായ റഫീഖ്, യാദവ് ബഡാജെ, രേഖ എന്നിവര്‍ മംഗല്‍പാടിയിലും തുടര്‍ന്ന് ദേര്‍ളക്കട്ടയിലും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റുബീന അപകടനില തരണം ചെയ്തിട്ടുണ്ടെന്നു പറയുന്നു. സംഭവം മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി, ലീഗ്-എസ്.ഡി.പി.ഐ ഇടതുമുന്നണി സഹകരണത്തോടെയാണ് പഞ്ചായത്ത് ഭരണം.

LEAVE A REPLY

Please enter your comment!
Please enter your name here