കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം ആറുപേരാണ് പ്രതികൾ.
കെ. സുരേന്ദ്രൻ ഒന്നാം പ്രതിയാണ്. ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്.സി -എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.