ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെയാണ് പുറത്തുവന്നത്. ഹെൻലി പാസ്‌പോർട്ട് സൂചികയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ 2024 റാങ്കിംഗ് പുറത്തിറക്കിയത്. ഈ പട്ടിക അനുസരിച്ച് ഇന്ത്യയ്ക്ക് ആഗോളതലത്തിൽ 82-ാം സ്ഥാനമാണുള്ളത്. ഈ റാങ്കിംഗ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ലാതെ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നു.
ഹെൻലി പാസ്‌പോർട്ട് സൂചിക, ആഗോള യാത്രാ ആനുകൂല്യങ്ങൾ വിലയിരുത്തുന്നതിനുള്ള ഒരു സമഗ്ര ഉറവിടമായി പ്രവർത്തിക്കുന്നു. ഏതുരാജ്യത്തെ പൗരന്മാര്‍ക്കാണോ പാസ്‌പോര്‍ട്ടുമായി ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനാവുന്നത് ആ രാജ്യത്തെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്ന് ലഭിച്ച എക്‌സ്‌ക്ലൂസീവ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഹെൻലി പാസ്‌പോർട്ട് സൂചിക ലോക പാസ്‌പോർട്ടുകളെ വിസ ഫ്രീ എൻട്രിയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നു. അതിനർത്ഥം, ഏത് രാജ്യത്തിന്‍റെ പാസ്‌പോർട്ട് ഉപയോഗിച്ച് നിങ്ങൾക്ക് മിക്ക ലക്ഷ്യസ്ഥാനങ്ങളിലേക്കും വിസ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്നോ ആ രാജ്യത്തിൻ്റെ പാസ്‌പോർട്ട് ഏറ്റവും ശക്തമാണ് എന്നാണ്.
വിസയില്ലാതെ 195 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാവുന്ന സിംഗപ്പൂരിന്റെ പാസ്‌പോര്‍ട്ടാണ് ഈ പട്ടിക അനുസരിച്ച് ഏറ്റവും ശക്തം. പാക്കിസ്ഥാൻ്റെ പാസ്‌പോർട്ട് 100-ാം സ്ഥാനത്താണ്. അതിൻ്റെ ഉടമകൾക്ക് 33 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്നു.
2023-ൽ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 84-ാം സ്ഥാനത്തായിരുന്നു ഇന്ത്യ എന്നത് ശ്രദ്ധേയമാണ്. അതേസമയം, എല്ലാ തവണത്തേയും പോലെ ഇത്തവണയും പാസ്‌പോർട്ട് സൂചികയിൽ പാകിസ്ഥാൻ വളരെ മോശം പ്രകടനമാണ് നടത്തിയത്. പാക്കിസ്ഥാൻ താഴെ നിന്ന് അഞ്ചാം സ്ഥാനത്താണ്. 105 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ 100-ാം സ്ഥാനത്താണ്. പാകിസ്ഥാൻ പൗരന്മാർക്ക് 33 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. യമൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ താഴെയാണ്.
മികച്ച അഞ്ച് രാജ്യങ്ങൾ
സിംഗപ്പൂരിന് ശേഷം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് 192 വിസ രഹിത യാത്രാ ലക്ഷ്യസ്ഥാനങ്ങളുള്ള ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്‍സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പാസ്‍പോർട്ട് ഉടമകൾക്ക് 191 രാജ്യങ്ങളിലേക്ക് വിസ രഹിതമായി യാത്ര ചെയ്യാം. ബെൽജിയം, ഡെൻമാർക്ക്, ന്യൂസിലൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് 190 വിസ ഫ്രീ ഡെസ്റ്റിനേഷനുകളുള്ള പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 189 വിസ ഫ്രീ ട്രാവൽ ഡെസ്റ്റിനേഷനുകളുമായി ഓസ്‌ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനത്താണ്.