ഇന്ത്യൻ ജനസംഖ്യ 2036ഓടെ 152 കോടി കടക്കും; 15 വയസിൽ താഴെയുള്ളവരുടെ എണ്ണം കുറയുന്നു, വൃദ്ധജനങ്ങൾ വർധിക്കും

0
129

വരുന്ന 12 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2036ഓടെ സ്ത്രീകളുടെ ശതമാനത്തിൽ 2011ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ വർധനവുമുണ്ടാകും.

‘2023 ലെ സ്ത്രീകളും പുരുഷന്മാരും’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ വസ്തുത, 15 വയസിൽ താഴെയുള്ളവരുടെ എണ്ണം രാജ്യത്ത് കുറയുന്നു എന്നതാണ്. ഇന്ത്യയിലെ ഫെർട്ടിലിറ്റി നിരക്കിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ 60 വയസിൽ മുകളിൽ പ്രായമുള്ളവരുടെ എണ്ണം ക്രമാനുഗതമായി 2036 ഓടെ വർധിക്കുകയും ചെയ്യും.

2011-ലെ സെൻസസ് കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതം 943:1,000 ആയിരുന്നു. ഇത് 2036 ആകുമ്പോഴേക്കും 1000 പുരുഷന്മാർക്ക് 952 സ്ത്രീകൾ എന്ന നിലയിലാകുമെന്നും റിപ്പോർട്ട് പറയുന്നു. സ്ത്രീ-പുരുഷ അനുപാതത്തിൽ പോസിറ്റീവായ വളർച്ചയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ജനസംഖ്യ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പങ്കാളിത്തം, ഉൾപ്പെടെ ഉള്ളവയെക്കുറിച്ചുള്ള കണക്കുകൾ നൽകുന്ന സമഗ്രമായ കണക്കാണ് നിലയിൽ കേന്ദ്രമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവ പ്രസിദ്ധീകരിച്ച ഡാറ്റകളിൽനിന്ന് കേന്ദ്രമന്ത്രാലയം മേല്പറഞ്ഞ സൂചകങ്ങളിലേക്ക് എത്തിച്ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here