വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ, നിയമം കടുപ്പിച്ച് യുഎഇ

0
142

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇല്ലാതെ ആളുകള്‍ ജോലിക്ക് നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്.

സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ തൊഴിൽ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളിൽ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്‍റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here