കീ ചെയിൻ, കത്തി, 2 താക്കോലുകൾ, 2 നെയിൽ കട്ടറുകൾ; വയറുവേദനയുമായെത്തിയ 22കാരന്റെ വയറിൽ കണ്ടെത്തിയത് ലോഹവസ്തുക്കൾ

0
85

ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കത്തിയും നെയില്‍ കട്ടറും ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍. ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കീ ചെയിന്‍, ചെറിയ കത്തി, നെയില്‍ കട്ടര്‍ ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍ നീക്കം ചെയ്തത്.

കിഴക്കന്‍ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് 22കാരനായ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് വീട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയില്‍ യുവാവിന്റെ വയറിനുള്ളില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയില്‍ ആദ്യം ഒരു കീ ചെയിന്‍ കണ്ടെത്തി പുറത്തെടുത്തു. തുടര്‍ന്ന് രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയില്‍ കട്ടറുകളും കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യങ്ങളുള്ള യുവാവ് ഇതിനായി മരുന്ന് കഴിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ലോഹ വസ്തുക്കള്‍ വിഴുങ്ങാറുണ്ടെന്ന് യുവാവ് ഡോക്ടര്‍മാരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here