ചില്ലറ തപ്പേണ്ട; ട്രാവൽ കാർഡുമായി കെഎസ്ആർടിസി, ഇനി യാത്രകൾ സുഖകരമാക്കാം

0
124

ബസിൽ യാത്ര ചെയ്യുമ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചില്ലറ തപ്പൽ. ടിക്കറ്റെടുക്കാൻ കാശ് കൊടുത്തിട്ട് ചില്ലറ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടാറുണ്ട് പലപ്പോഴും യാത്രക്കാർ. ചിലർ ബാക്കി വാങ്ങാതെ ബസിൽ നിന്നും ഇറങ്ങി പോകാറുണ്ട്. മറ്റുചിലർക്ക് ബാക്കി വാങ്ങാൻ മറന്ന് നഷ്ടം സംഭവിക്കാറുമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ്. ബസിൽ സുഗമായി യാത്ര ചെയ്യാൻ ചലോ ട്രാവൽ കാർഡ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി.

ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനുമായാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്. നിലവിൽ തിരുവനന്തപുരത്ത് മാത്രമുള്ള ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സീസൺ ടിക്കറ്റ് മാതൃകയിൽ ആർഎഫ്ഐഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെയാകും കാർഡ് പുറത്തിറക്കുക. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായതോടെയാണ് മറ്റ് ജില്ലകലിലേയ്ക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം നടന്നുവരികയാണ്. കാർഡിൽ പണം റീച്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് വിവിധ ഓഫറുകളും ലഭിക്കും. പുതിയ ടിക്കറ്റ് മെഷീനുകൾ ഉപയോഗിച്ച് കാർഡ് നമ്പർ നൽകിയോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ ബാലൻസ് പരിശോധിക്കാം. ദീർഘദൂര സർവീസുകളിലുൾപ്പെടെ കാർഡ് ഉപയോഗിക്കാനാകും.

എല്ലാ പ്രധാന ഡിപ്പോകളിലും കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള മെഷീനുകൾ, സെർവർ, ആവശ്യമായ പേപ്പറുകൾ, നാല് കമ്പ്യൂട്ടറുകൾ എന്നിവ കരാർ കമ്പനി നൽകും. ചലോ ട്രാവൽ കാർഡ് വഴിയുള്ള ഒരു ടിക്കറ്റിന് കെ.എസ്.ആർ.ടി.സി കമ്പനിക്ക് 13 പൈസ നൽകണമെന്നാണ് കരാർ. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി, ഡാറ്റ അനലറ്റിക്സ് ഉൾപ്പെടെയുള്ള ചെലവുകൾ കരാർ കമ്പനിയാണ് വഹിക്കുക.

അതേസമയം സ്മാർട്ട് ട്രാവൽ കാർഡായ ചലോ ട്രാവൽ കാർഡ് പദ്ധതി ഓണത്തിന് കൊല്ലം ജില്ലയിലും തുടക്കമാകും. പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിൽ ചലോ ട്രാവൽ കാർഡുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായിട്ട് ഓണത്തിന് ചലോ ട്രാവൽ കാർഡ് പുറത്തിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here