കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ നല്‍കണം;അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഒന്‍പതാംക്ലാസുകാരൻ

0
72

ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പിടിയിലായത് ഒന്‍പതാംക്ലാസുകാരനായ മകന്‍. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. കുട്ടിയെ ഡൽഹി പൊലീസ് ബുധനാഴ്ച പിടികൂടി. കാമുകിയുടെ പിറന്നാളാഘോഷം നടത്താനും ഐഫോണ്‍ സമ്മാനമായി നല്‍കാനുമാണ് മോഷണം നടത്തിയതെന്നാണ് കുട്ടിയുടെ മൊഴി. ഇതിനായി മാതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വില്‍പ്പന നടത്തിയെന്ന് വിദ്യാര്‍ഥി സമ്മതിച്ചു. വീട്ടിൽ മോഷണം നടന്നതായി കുട്ടിയുടെ അമ്മ എഫ്ഐആർ ഫയൽ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഓഗസ്റ്റ് മൂന്നാം തീയതിയാണ് നജഫ്ഘട്ട് സ്വദേശിയായ വീട്ടമ്മ മോഷണം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തലേദിവസം പകല്‍ വീട്ടില്‍നിന്ന് രണ്ട് സ്വര്‍ണമാലകളും ഒരു ജോഡി കമ്മലും ഒരു സ്വര്‍ണമോതിരവും മോഷണം പോയെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുംചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സമീപവാസികളുടെ മൊഴിയെടുത്തപ്പോഴും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിയുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

“കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എന്നാൽ സംഭവ സമയത്ത് പരാതിക്കാരൻ്റെ വീടിന് സമീപം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. എന്തെങ്കിലും സൂചനകൾ കിട്ടുമേയെന്നറിയാൻ കൂടുതൽ പരിശോധിച്ചെങ്കിലും അയൽവാസികളിൽ നിന്നും ഒരുവിവരവും കിട്ടിയില്ല”, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നദിവസം മുതല്‍ വീട്ടമ്മയുടെ ഒന്‍പതാംക്ലാസുകാരനായ മകനെ കാണാനില്ലെന്ന് വ്യക്തമായി. കുട്ടിയുടെ കൂട്ടുകാരോട് തിരക്കിയപ്പോള്‍ ഒന്‍പതാംക്ലാസുകാരന്‍ അടുത്തിടെ 50,000 രൂപയ്ക്ക് ഒരു ഐഫോണ്‍ വാങ്ങിയെന്ന വിവരവും ലഭിച്ചു. കുട്ടിയെ കണ്ടെത്താനായി നജഫ്ഘട്ടിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

ഇതിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കുട്ടി വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. പിന്നാലെ പൊലീസ് സംഘം നിരീക്ഷണത്തിനെത്തുകയും വീടിന് സമീപത്തുവെച്ച് കുട്ടിയെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയില്‍നിന്ന് ഐഫോണും കണ്ടെടുത്തു. ചോദ്യംചെയ്യലില്‍ താന്‍ കവര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഒന്‍പതാംക്ലാസുകാരന്റെ ആദ്യമൊഴി. പിന്നീട് പൊലീസ് വിശദമായി ചോദ്യംചെയ്തതോടെ കുട്ടി എല്ലാം തുറന്നുപറയുകയായിരുന്നു. മോഷ്ടിച്ച സ്വർണം രണ്ട് സ്വർണപ്പണിക്കാർക്ക് വിറ്റതായി കുട്ടി സമ്മതിച്ചു. കമൽ വർമ്മ എന്ന സ്വർണപ്പണിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു സ്വർണ്ണ മോതിരവും കമ്മലും ഇയാളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. ” കാമുകിക്ക് തന്നെക്കുറിച്ച് മതിപ്പുണ്ടാക്കുന്നതിനായി സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാനുള്ള പണം നൽകാൻ കുട്ടി അമ്മയെ സമീപിച്ചു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മ ഉപദേശിച്ചു. ഇതിൽ രോഷാകുലനായ കുട്ടി മോഷണം നടത്തുകയായിരുന്നു”, പൊലീസ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here