ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്തു

0
106

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.

അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി സൈന്യം. രക്ഷാപ്രവർത്തനത്തിനായി സൈന്യം മുണ്ടക്കൈ ഭാഗത്തേക്ക് പുറപ്പെട്ടു. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്. അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here