രോഹിത്തിനെ ലേലത്തില്‍ സ്വന്തമാക്കാൻ 50 കോടി മുടക്കാൻ തയാറാണോ?; മറുപടി നല്‍കി ടീം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

0
128

ലഖ്നൗ: ഐപിഎല്‍ മെഗാ താരലേലത്തില്‍ ഏതൊക്കെ താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് വിടുമെന്നും മറ്റ് ടീമുകള്‍ രോഹിത്തിനായി വാശിയോടെ രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം രോഹിത്തിന് നഷ്ടമായിരുന്നു. പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ ഹാര്‍ദ്ദിക്കിനെ മാറ്റി പകരം ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ രോഹിത് ഇത്തവണ എന്തായാലും ടീം വിടുമെന്നാണ് സൂചനകള്‍.

അതിനിടെയാണ് രോഹിത്തിനായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 50 കോടി മുടക്കാന്‍ തയാറായി രംഗത്തുവന്നതായ റിപ്പോര്‍ട്ടുകളും വന്നത്. രോഹിത്തിനെ സ്വന്തമാക്കാന്‍ 50 കോടി മുടക്കുമോ എന്ന ചോദ്യത്തിന് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക തന്നെ മറുപടി നല്‍കി. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിനായി ലഖ്നൗ 50 കോടി മുടക്കുമെന്ന അഭ്യൂഹമുണ്ടല്ലോ എന്ന ചോദ്യത്തിന് ഗോയങ്ക മറുപടി നല്‍കിയത്.

നിങ്ങളാദ്യം എന്നോട് ഒരു കാര്യം പറയു, രോഹിത് ശര്‍മ ലേലത്തിനെത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ, മുംബൈ ഇന്ത്യൻസ് രോഹിത്തിനെ റിലീസ് ചെയ്യുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ, അഥവാ ലേലത്തിനെത്തിയാല്‍ തന്നെ ഒരു കളിക്കാരനുവേണ്ടി ലേലത്തിലെ ആകെതുകയുടെ 50 ശതമാനവും ഒരു ടീം മുടക്കുമോ, അപ്പോള്‍ ബാക്കി 22 കളിക്കാരെ എങ്ങനെ സ്വന്തമാക്കും. അതുകൊണ്ട് ഇതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സഞ്ജീവ് ഗോയങ്ക പറഞ്ഞു.

രോഹിത്ത് ലഖ്നൗവിന്‍റെ വിഷ് ലിസ്റ്റിലുണ്ടോ എന്നോ ചോദ്യത്തിനും ഗോയങ്ക മറുപടി നല്‍കി. എല്ലാവര്‍ക്കും അവരുടേതായ വിഷ് ലിസ്റ്റുണ്ടാവില്ലെ. ഏറ്റവും മികച്ച കളിക്കാരനെയും ഏറ്റവും മികച്ച ക്യാപ്റ്റനെയും സ്വന്തമാക്കാനല്ലെ എല്ലാവരും ശ്രമിക്കുക. നമ്മള്‍ ആഗ്രഹിച്ചിട്ട് മാത്രം കാര്യമില്ല. കിട്ടുമോ എന്നതാണ് ചോദ്യം. എനിക്കാരെ വേണമെങ്കിലും ആഗ്രഹിക്കാം. അതുപോലെ മറ്റ് ടീമുകള്‍ക്കും ആഗ്രഹിക്കാമല്ലോ എന്നായിരുന്നു ഗോയങ്കയുടെ മറുപടി. ലഖ്നൗ നായകനായ കെ എല്‍ രാഹുലിനെ ഈ സീസണില്‍ ടീം കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here