അമിത് ഷായുടെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി

0
153

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. എന്നാൽ ഓറഞ്ച് അലർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു. കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.

എന്നാൽ അമിത് ഷായുടെ ആരോപണങ്ങളോട് പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം തന്നെ. ഇവയ്ക്ക് ശേഷമാണ് മുന്നറിയിപ്പ് ലഭിച്ച സമയത്തെക്കുറിച്ചും ഉരുൾപൊട്ടലുണ്ടായ സമയത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here