രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടാല്‍ ചൂണ്ടാന്‍ തയ്യാറായി ഒരു ടീം; പ്ലാന്‍ ഇങ്ങനെ

0
62

മൊഹാലി: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം കെങ്കേമമാകും എന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ സജീവം. രോഹിത്തിന്‍റെ പേര് ലേലത്തില്‍ വന്നാല്‍ ഉറപ്പായും വലവീശും എന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഒരു ടീം. 

2024 ഐപിഎല്‍ സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍സി നഷ്‌ടമായിരുന്നു. ഇതില്‍ വലിയ ആരാധക പ്രതിഷേധമാണ് ഉയര്‍ന്നത്. പകരം ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യക്ക് ടീമിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുമായില്ല. എങ്കിലും രോഹിത്തിനെ വരും സീസണിലേക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമോ എന്ന് വ്യക്തമല്ല. ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകനെങ്കിലും 37കാരനായ രോഹിത്തിന്‍റെ പ്രായം പരിഗണിച്ച് ടീം ഒഴിവാക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ രോഹിത്തിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചാബ് കിംഗ്‌സ് വ്യക്തമാക്കിയതാണ് പുതിയ വാര്‍ത്ത. ശിഖര്‍ ധവാന്‍ വിരമിച്ചതോടെ നായകസ്ഥാനം കൂടി മനസില്‍ കണ്ടാണ് പഞ്ചാബിന്‍റെ നീക്കം.

‘രോഹിത്തിനെ സ്വന്തമാക്കാനുള്ള പണമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. രോഹിത്തിന് ലേലത്തില്‍ വമ്പന്‍ വില ലഭിക്കും എന്നുറപ്പാണ്’ എന്നും പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിക്കറ്റ് ഡെവലപ്‌മെന്‍റ് തലവന്‍ സഞ്ജയ് ബംഗാര്‍ ഒരു പോഡ്‌കാസ്റ്റില്‍ വ്യക്തമാക്കി. 
 
2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് രോഹിത് ശര്‍മ്മ ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. ഡെക്കാന്‍ കിരീടം നേടിയ 2009 സീസണില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം നേടി. 2011ല്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍ എത്തി. 2013ല്‍ മുംബൈ ടീമിന്‍റെ ക്യാപ്റ്റനായി. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം സമ്മാനിച്ചു. ഐപിഎല്‍ കരിയറിലാകെ രോഹിത് 17 സീസണുകളില്‍ നിന്നായി 257 മത്സരങ്ങളില്‍ 29.72 ശരാശരിയില്‍ രണ്ട് സെഞ്ചുറികള്‍ അടക്കം 6,628 റണ്‍സ് അടിച്ചെടുത്തു. ബാറ്റിംഗ് ശൈലികൊണ്ട് ‘ഹിറ്റ്‌മാന്‍’ എന്ന വിശേഷണമുള്ള രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്രിക്കറ്റിലെയും ഇതിഹാസ താരങ്ങളിലൊരാളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here