‘കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

0
128

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. 233 സംസ്കാരങ്ങളാണ് നടന്നത്. 14 ക്യാമ്പുകളിലായി മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും.

സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‍ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here