പദ്ധതി വീതം വെപ്പിൽ കടുത്ത വിവേചനം; ജില്ലാ പഞ്ചായത്ത് യോഗത്തിൽ വാക്കേറ്റം

0
181

കാസർകോട്: പദ്ധതി വീതം വെപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂർണമായും തഴയുന്നതായി ആരോപിച്ച് വ്യാഴാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തിൽ മുങ്ങി.

ജൂലൈ 18ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നു.എന്നൽ ആ യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് അംഗങ്ങൾ ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ഇക്കാര്യം മാറ്റിവെക്കുകയാണുണ്ടായത്. പിന്നീട് കൂടിയാലോചന പോലുമില്ലാതെ ഈ മാസം 9ന് പദ്ധതി ഭേദഗതി ഡി.പി.സി അംഗീകാരത്തിനായി സകർമയിൽ സമർപ്പിക്കുകയായിരുന്നു.

ഈ മാസം 16ന് ചേർന്ന ഡി.പി.സി യോഗത്തിൽ ഇക്കാര്യം വന്നപ്പോൾ ഡി പി സി അംഗങ്ങളായ യു ഡി എഫ് പ്രതിനിധികൾ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജാസ്മിൻ കബീർ, ഗീത ബാലകൃഷ്ണ ഡി.പി.സി യുടെ ചരിത്രത്തിൽ ആദ്യമായി പ്രതിഷേധം അറിയിക്കുന്ന സാഹചര്യമുണ്ടായി. ചർച്ചയും ആലോചപോലും നടക്കാതെയാണ് പദ്ധതി ഭേദഗതി അംഗീകാരത്തിന് സമർപ്പിച്ചതെന്ന് ഡി.പി.സി അംഗമായ മുസ്ലിം ലീഗിലെ റഹ്മാൻ ഗോൾഡൻ കുറ്റപ്പെടുത്തിയിരുന്നു.

ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് ബോർഡ് യോഗത്തിൽ റഹ്മാൻ ഗോൾഡൻ വിഷയം വീണ്ടും ഉന്നയിച്ചതോടെ ഇക്കാര്യം ചർച്ച ചെയ്തു. 2024- 2025 സാമ്പത്തിക വർഷത്തെ 16 കോടി രൂപയുടെ റോഡ് ഇനത്തിലുള്ള പദ്ധതിയിയിൽ ആറ് കോടി മാത്രമാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. അതോടെയാണ് പത്ത് കോടിയുടെ പദ്ധതി മാറ്റി വെക്കേണ്ടി വന്നത്. ഇതിൽ ഭൂരിഭാഗം യു.ഡി.എഫ് പ്രതിനിധികളുടെ ഡിവിഷനുകളെയാണ് മാറ്റി വെച്ചത്. ഇക്കാര്യം ഇന്നലത്തെ യോഗത്തിൽ വലിയ പ്രതിഷേധങ്ങൾക്കും വാക്കേറ്റങ്ങൾക്കും വഴിവെച്ചു.

പിന്നാലെ മുസ്ലിം ലീഗിലെ പി.ബി ഷഫീഖ് ജോമോൻ ജോസ്, ജാസ്മീൻ കബീർ ചെർക്കളം, ഗീതാ ബാലകൃഷ്ണൻ, കമലാക്ഷി, ജമീല സിദ്ധീഖ് എന്നിവർ വിഷയം ഏറ്റെടുത്ത് സംസാരിച്ചതോടെ ഭരണ പക്ഷം സമ്മർദ്ദത്തിലാവുന്ന സ്ഥിതിയിലെത്തി. പിന്നാലെ ബി.ജെ.പി അംഗങ്ങളും വിഷയം ഏറ്റെടുത്തു.

സംവാദത്തിനിടെ കേരള കോൺഗ്രസ് എം. അംഗം സിനോജ് ചാക്കോ ഡിവിഷൻ അടിസ്ഥാനത്തിൽ ഫണ്ടുകൾ നോക്കാമെന്ന് വാദിച്ചതും പ്രതിഷേധത്തിനിടയാക്കി. അതിനും തയ്യാറാണെന്ന് റഹ്മാൻ ഗോൾഡൻ തിരിച്ചടിച്ചു. ഇതിനിടെ വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ യു.ഡി.എഫ് അംഗങ്ങളെ ആക്ഷേപിച്ച് സംസാരിച്ചതും പ്രതിഷേധത്തിന് വഴിവെച്ചു.യു.ഡി.എഫ് സംസാരിക്കുന്ന സമയത്ത് ഭൂരിഭാഗം എൽ.ഡി.എഫ് അംഗങ്ങളും മൗനത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here