കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മുന്നിൽ തീരാ നോവായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്‍റെ ഭൂമിയിലാണ് മൃതദേഹങ്ങൾ രാത്രി 10 മണിയോടെ സംസ്കാരച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് പിന്നീട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തിഅറിയിക്കുകയായിരുന്നു. സർവ്വമത പ്രാർത്ഥനയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.