വിദ്യാനഗർ: ജീവന് ഭീഷണിയാകുംവിധം ചേരിതിരിഞ്ഞ് കൂട്ടയടി നടത്തിയ നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു. വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിൻ വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തി അധികൃതർക്ക് നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. സ്കൂളിൽ രണ്ടുദിവസം നടന്ന അടിയുടെ തുടർച്ചയെന്നോണം തിരക്കേറിയ ദേശീയപാതയിലെ വിദ്യാനഗറിൽ വാഹനഗതാഗതം സ്തംഭിപ്പിക്കുംവിധമായിരുന്നു ചൊവ്വാഴ്ച വൈകീട്ട് കൂട്ടയടി നടന്നത്. മരത്തടികൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള കൂട്ടയടിയുടെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്ന് ഏഴ് കുട്ടികളെ ബുധനാഴ്ച വൈകിട്ട് സസ്പെൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച സ്കൂളിൽ പി.ടി.എ.യുടെയും സ്കൂൾ സംരക്ഷണസമിതിയുടെയും യോഗം ചേർന്നാണ് ആറ് കുട്ടികളെക്കൂടി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പി.ടി.എ. വൈസ് പ്രസിഡൻഡ് ഹനീഫ വിദ്യാനഗറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാനഗർ അഡീഷണൽ എസ്.ഐ. വിജയൻ മേലത്തും പങ്കെടുത്തു. നടപടിക്ക് വിധേയരായ കുട്ടികളുടെ രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. നാല് പ്ലസ് വൺ വിദ്യാർഥികളെയും ഒൻപത് പ്ലസ്ടു വിദ്യാർഥികളെയുമാണ് ഇതിനകം സസ്പെൻഡ് ചെയ്തത്.
അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പി.ടി.എ. യോഗം തീരുമാനിച്ചതായി പ്രിൻസിപ്പൽ ടി.പി.മുഹമ്മദലി പറഞ്ഞു. നായന്മാർമൂല ജമാഅത്തിന് കീഴിലുള്ള സ്കൂളിന്റെ സത്പേരിന് കളങ്കം ചാർത്തുന്നവിധം അക്രമം തുടരുന്നതിനെത്തുടർന്ന് ശക്തമായ നടപടിക്കായി ജമാഅത്ത് യോഗവും വെള്ളിയാഴ്ച ചേരും. പ്രസിഡന്റ് എൻ.എ.അബൂബക്കിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ നടക്കുന്ന യോഗത്തിൽ അക്രമം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജർ എം.അബ്ദുള്ള പറഞ്ഞു.