ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന; വ്യാഴാഴ്ചത്തെ തിരച്ചിൽ നിർണായകം

0
94

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. നാളെ (വ്യാഴാഴ്ച) രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.

അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.

ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുംവിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. മോശം കാലാവസ്ഥ അല്ലെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.

നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘവും വ്യാഴാഴ്ച എത്തും. കലങ്ങിമറിഞ്ഞ, ചെളിനിറഞ്ഞ നദിയുടെ അടിയിലേക്ക് പോവുക എന്നതാണ് നാവികസേനയ്ക്കു മുന്നിലെ വെല്ലുവിളി. മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പിന്നാലെ ഇവര്‍ നദിയിലിറങ്ങും.

ചെളിയില്‍ പുതഞ്ഞിരിക്കുന്ന വസ്തുക്കള്‍ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്‍സ് സംവിധാനം വ്യാഴാഴ്ച ഉച്ചയോടെ എത്തിച്ചേരും. ഒരു മണിയോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. കനത്തമഴയും നദിയിലെ ഒഴുക്കും ദൗത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അതേസമയം സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാര്‍ക്കും വ്യാഴാഴ്ച പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here