‘തന്‍റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചു; ഇപ്പോഴും ഇഷ്ടമാണ്, കണ്ടെത്തി തരണം’; പൊലീസിൽ പരാതി നൽകി യുവാവ്

0
61

ഗ്വാളിയാര്‍: തനിക്ക് കറുപ്പ് നിറമായതിനാല്‍ ഭാര്യ ഉപേക്ഷിച്ച് പോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയെന്ന് ഗ്വാളിയാര്‍ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭാര്യയെ കണ്ടെത്തി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ആശയക്കുഴപ്പത്തിലായ പൊലീസ് ജൂലൈ 13 ന് കൗൺസിലിങ്ങിനായി ഇരുവരെയും ഭാര്യയെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

2023 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് ഒന്നര മാസം പ്രായമുള്ള ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ അധികം വൈകാതെ തന്നെ ഭാര്യയ്‌ക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഒരു അപകടം സംഭവിച്ച് യുവാവിന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വഴക്ക് കൂടിക്കൊണ്ടിരുന്നു. തുടര്‍ന്ന് മകൾ ജനിച്ച് ഒന്നര മാസം മാത്രമായപ്പോൾ ഭാര്യ വീടുവിട്ടിറങ്ങിയെന്ന് യുവാവിന്‍റെ പരാതിയിൽ പറയുന്നു.

തനിക്ക് കറുത്ത നിറമായതിനാലാണ് ഭാര്യ ഉപേക്ഷിച്ചതെന്നാണ് ഭര്‍ത്താവിന്‍റെ പരാതി. സ്ത്രീധന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇരുവര്‍ക്കും ഇടയില്‍ ഇല്ലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. വിവാഹസമയത്ത് വധുവിന്‍റെ കുടുംബത്തിന് വരന്‍റെ ഭാഗത്തുനിന്ന് സമ്മാനങ്ങളും പണവും നൽകുന്ന ഒരു പാരമ്പര്യം പിന്തുടരുന്ന മോഗിയ ഗോത്രത്തിൽ പെട്ടയാളാണ് താനെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തനിക്ക് ഭാര്യയെ ഇപ്പോഴും ഇഷ്ടമാണെന്നും അവളെ തിരികെ വേണമെന്നും പറഞ്ഞു. മകളുടെ കാര്യത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here