കാലിഫോര്‍ണിയ: പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ എത്തി. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്‌സുകളായി സെലക്ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്‍ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും. പല ഫോണുകളിലും വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകളും ഗ്രൂപ്പുകളും വാട്‌സ്ആപ്പില്‍ മാര്‍ക് ചെയ്തുവെക്കാന്‍ വാട്‌സ്ആപ്പ് വഴിയൊരുക്കിയിരിക്കുന്നു. ഇങ്ങനെ ഫേവറൈറ്റ് ചെയ്‌തുവെക്കുന്ന ചാറ്റുകളിലേക്ക് വേഗത്തില്‍ എത്തി മെസേജുകള്‍ അയക്കുന്നതിനൊപ്പം ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യുകയുമാകും. മെസേജ് അയക്കാനോ വിളിക്കാനോ ഉള്ളയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്‌ത് സമയം പാഴാക്കേണ്ടിവരില്ല.
ഫേവറൈറ്റ്‌സിലേക്ക് ആളുകളെയും ഗ്രൂപ്പുകളെയും ചേര്‍ക്കാന്‍ വാട്‌സ്ആപ്പില്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്ന് ചാറ്റ് സ്ക്രീനിലെ ഫേവറൈറ്റ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിന് ശേഷം ചേര്‍ക്കേണ്ട കോണ്‍ടാക്‌റ്റുകളും ഗ്രൂപ്പുകളും സെലക്‌ട് ചെയ്യുക. സമാനമായി കോള്‍സ് ടാബില്‍ കയറി ആഡ് ഫേവറൈറ്റ്സ് തെരഞ്ഞെടുത്ത് കോണ്‍ടാക്‌റ്റുകളും ഗ്രൂപ്പുകളും തെരഞ്ഞെടുക്കുകയുമാകാം. ഇതല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ കയറി ഫേവറൈറ്റ്‌സ് ഓപ്ഷന്‍ എടുത്ത് കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ആഡ് ചെയ്യുകയുമാകാം. ഇങ്ങനെ ആഡ് ചെയ്യുന്ന ഫേവറൈറ്റുകളുടെ പട്ടിക പിന്നീട് നിങ്ങള്‍ക്ക് പുനഃക്രമീകരിക്കാനും സാധിക്കും. ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ ഫേവറൈറ്റ്സ് ഓപ്ഷന്‍ എല്ലാവരുടെ വാട്‌സ്ആപ്പിലും ലഭ്യമാകും.