വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

0
109

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല, ഇങ്ങനെ അപരിചിതമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകളില‍ടക്കം ഇരയാകുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമാകും എന്ന പ്രതീക്ഷയോടെ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തിയിരിക്കുകയാണ്.

നമ്മളെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്തുകഴിഞ്ഞാല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. എന്താണ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പിലേക്ക് നമ്മളെ ചേര്‍ത്തത്, എന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്, ആരാണ് ഗ്രൂപ്പ് തുടങ്ങിയത് എന്നീ വിവരങ്ങള്‍ യൂസര്‍ക്ക് ലഭ്യമാകും. നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ആരെങ്കിലുമാണോ ഗ്രൂപ്പിലേക്ക് ചേര്‍ത്തത് എന്ന് അനായാസം ഇതിലൂടെ അറിയാം. പരിചയമില്ലാത്ത ആരെങ്കിലുമാണ് നിങ്ങളെ ചേര്‍ത്തതെങ്കില്‍ എക്‌സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം. വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്.

വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വരും ആഴ്‌ചകളില്‍ പുത്തന്‍ ഫീച്ചര്‍ കൂടുതല്‍ പേരിലേക്കെത്തും. വാട്‌സ്ആപ്പിലെ സുരക്ഷ കൂട്ടുന്നതിന്‍റെ ഭാഗമായാണ് മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സി, തൊഴില്‍ തട്ടിപ്പുകള്‍ തുടങ്ങി അനവധി പുലിവാലുകളില്‍ ചെന്ന് ചാടുന്നത് ഒഴിവാക്കാന്‍ യൂസര്‍മാരെ വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ സഹായിക്കും എന്ന് കരുതപ്പെടുന്നു. അടുത്തിടെയായി വാട്‌സ്ആപ്പ് നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here