16 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിൽ ഇന്ത്യൻ സംഘം എന്തുചെയ്തു? വിഡിയോ പുറത്തുവിട്ട് ബി.സി.സി.ഐ

0
173

ന്യൂഡൽഹി: നീണ്ട 17 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ടീം ഇന്ത്യ ട്വന്റി20 ലോകകിരീടം സ്വന്തം മണ്ണിലേക്ക് വീണ്ടുമെത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ട്രോഫിയുമായി രോഹിത് ശർമയും സംഘവും ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഫൈനൽ മത്സരം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും, മടക്ക യാത്രക്കായി കരിബീയൻ ദ്വീപുകളിലെ കൊടുങ്കാറ്റ് അടങ്ങാൻ കാത്തിരിക്കുയായിരുന്നു ടീം ഇന്ത്യ. 16 മണിക്കൂർ നീണ്ട വിമാനയാത്രക്കൊടുവിൽ ജന്മനാട്ടിൽ മടങ്ങിയെത്തിയ ആഹ്ലാദത്തിലാണ് താരങ്ങൾ.

ഇതിനിടെ ദീർഘമായ വിമാനയാത്രയിൽ ഇന്ത്യൻ താരങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ലോകകപ്പ് ട്രോഫിക്കൊപ്പം താരങ്ങൾ സമയം പങ്കുവെക്കുന്നതിന്റെയും തങ്ങളുടെ അനുഭവം വിവരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് എക്സിൽ പോസ്റ്റ് ചെയ്തത്. ചിലർ ട്രോഫിക്കൊപ്പം ചിത്രങ്ങൾ എടുക്കുന്നതും കാണാം. വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റ് കിരീട ജേതാക്കളായ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ചു.

സ്ഥാനമൊഴിയുന്ന മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ ആദരിക്കുന്ന പരിപാടിയും ഇതിനിടെ നടന്നു. മിക്കവരും ബിസിനസ് ക്ലാസ് തിരഞ്ഞെടുത്തപ്പോൾ, ക്യാപ്റ്റൻ രോഹിത്, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, യൂസ്വേന്ദ്ര ചഹൽ, ദ്രാവിഡ് ഉൾപ്പെടെയുള്ളവർ ഇക്കണോമി ക്ലാസിലാണ് യാത്ര ചെയ്തത്. പേസർ ജസ്പ്രീത് ബുംറ ഇടക്ക് മകൻ അംഗിതിനൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബി.സി.സി.ഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ താരങ്ങൾ തിരികെയെത്തിയത്. കുടുംബാംഗങ്ങളും ടീമിന്റെ പരീലകരും സപ്പോർട്ട് സ്റ്റാഫും ഇതേ വിമാനത്തിലാണ് നാട്ടിലേക്ക് പറന്നത്. വിമാനത്തിൽ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നെങ്കിലും ഫോട്ടോയോ വിഡിയോയോ പകർത്താൻ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാൻ അവർക്ക് അനുമതി ലഭിച്ചു.

ശനിയാഴ്ച ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടമുയർത്തിയത്. വിരാട് കോലി ഫൈനലിലെ താരമായപ്പോൾ പേസർ ജസ്പ്രീത് ബുംറ ടൂർണമെന്റിലെ താരമായി. 2011നു ശേഷം ഇന്ത്യ നേടുന്ന ആദ്യ ലോകകിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here