വൈറലാകണം. അതിന് സ്പൈഡന്‍മാനാകാനും റെഡി. വെറും സ്പൈഡർമാനല്ല. ഓടുന്ന കാറിന്‍റെ ബോണറ്റില്‍ രാജകീയമായി ഇരുന്ന് റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്ന സ്പൈഡർമാനെ ഓടുവില്‍ ദില്ലി പോലീസ് ഓടിച്ച് പിടിച്ചു. കാർ ഓടിച്ചിരുന്ന ഗൗരവ് സിംഗ് എന്ന 19 -കാരനെയും സ്പൈഡർമാനൊപ്പം പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങൾക്കും 26,000 രൂപ പിഴയും ചുമത്തി. മിഹിർ ജാ എക്സില്‍ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടു.
‘ദില്ലി: ചപ്പൽ വാല സ്പൈഡർമാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ തിരക്കുള്ള റോഡില്‍ ഒരു വെള്ളക്കാറിന്‍റെ ബോണറ്റില്‍ ഇരിക്കുന്ന സ്പൈഡർമാനെ കാണാം. ഏതാണ്ട് രണ്ട് സെക്കറ്റുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. റോഡരികില്‍ നിന്ന ആരോ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പരാതി ലഭിച്ച ഉടനെ നടപടികളുമായി പോലീസ് മുന്നോട്ട് പോയി. ദ്വാരകയിലെ രാംഫാൽ ചൗക്കിന് സമീപത്ത് നിന്നാണ് പോലീസ് കാറിനെയും സ്പൈഡർമാനെയും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പൈഡർമാൻ വേഷത്തിലെത്തിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്‍റെ ഡ്രൈവർ മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 26,000 രൂപ പിഴ ഈടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ദ്വാരക സ്ട്രീറ്റില്‍ സ്‌പൈഡർമാനും സ്‌പൈഡർ വുമണുമായി വേഷമിട്ട് മോട്ടോർ സൈക്കിളിൽ സ്റ്റണ്ട് നടത്തിയ ആദിത്യയുടെയും പെണ്‍സുഹൃത്തിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Delhi: This "Chappal wala Spiderman" was caught by Dilli Police, fined ₹20,000 and will spend a few days in lockup 🕷️🕸️ pic.twitter.com/KBOKcxmzHk
— Mihir Jha (@MihirkJha) July 24, 2024