കൊച്ചി: വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കിൽ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തിൽ പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി) മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുകയാണ്.
മുൻകൂട്ടി പണം അടച്ച് പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാം. എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും. കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോർപ്പറേഷൻ, ജിഡ (ഗോശ്രീ ഐലൻഡ്‌സ് ഡിവലപ്മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാർക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി.
സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം. പാർക്കിങ് ഗ്രൗണ്ടുകളിൽ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാർഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ. നിലവിൽ വന്നത്. സേവനത്തിനൊപ്പം സർക്കാരിനും വ്യക്തികൾക്കും പുതിയ വരുമാന സാധ്യത തുറക്കുന്നതാണ് പുതിയ പാർക്കിങ് സംവിധാനം.