ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സംഘടനാതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുടെ നിറംമങ്ങിയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.
ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയുമായി കൂടിക്കാഴ്ച നടത്തി. ഭൂപേന്ദ്ര ചൗധരിയുടെ രാജിസന്നദ്ധതയില്‍ തുടര്‍നടപടി ആലോചിക്കാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്രനേതൃത്വവുമായി ആശയവിനിമയം നടത്തിവരുന്നുണ്ട്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിജെപിയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
2027-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ഒരാളെ ബി.ജെ.പി. അധ്യക്ഷനാക്കണമെന്ന താത്പര്യം കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന. ജാട്ട് സമുദായാംഗമാണ് ഭൂപേന്ദ്ര ചൗധരി. 2022-ലാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷനായത്.
കേശവ് പ്രസാദ് മൗര്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയായിരുന്നു നഡ്ഡയുമായുള്ള കൂടിക്കാഴ്ച. സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന മൗര്യയുടെ പരാമര്‍ശം കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കി.