ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം യാത്രക്കാരില്‍ മാത്രമല്ല, ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ്. ആശയക്കുഴപ്പം മൂലം ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. യാത്രക്കാരണങ്കില്‍ ഇനി ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോള്‍ വാ തുറക്കാമോയെന്ന പേടിയിലുമാണ്.
എന്താണ് സര്‍ക്കുലര്‍?
ഈ മാസം 18ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറാണ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ബാലു എന്ന കൊച്ചി സ്വദേശിയുടെ പരാതിയാണ് സര്‍ക്കുലറിന് അടിസ്ഥാനം. ഇരുചക്ര വാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിക്കുന്നത് പലപ്പോഴും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും അപകടത്തിന് കാരണമാവുകയും െചയ്യുന്നതായും അതിനാല്‍ നടപടി വേണമെന്നുമായിരുന്നു പരാതി. ഈ പരാതി സ്വീകരിച്ച ജോയിന്റ് ട്രാന്‍സ്പോര്‍ട് ഇത് ഗൗരവമുള്ള വിഷയമാണെന്നും ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പിഴ ഈടാക്കുമോ?
പിഴ ഈടാക്കാനുള്ള നിര്‍ദേശം സര്‍ക്കുലറില്‍ പറയുന്നില്ല. എന്നാല്‍ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും അതില്‍ ആവശ്യമുള്ള നടപടി സ്വീകരിക്കാനും പറയുന്നുണ്ട്. നടപടി ബോധവത്കരണമോ ഉപദേശമോ എന്തുമാവാം. അതിനാല്‍ തല്‍കാലം പിഴ ഈടാക്കാനുള്ള തീരുമാനം എവിടെയും സ്വീകരിച്ചിട്ടില്ല
പിഴ ഈടാക്കാനാകുമോ?
മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നവര്‍ക്ക് പിഴയീടാക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ റോഡിലിറങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും പിഴയീടാക്കേണ്ടിവരും. അതുമാത്രമല്ല അത് എങ്ങിനെ കണ്ടുപിടിക്കുമെന്നും അറിയില്ല. ഓട്ടോയുടെയും കാറിന്റെയും ബസിന്റെയുമെല്ലാം പിന്നിലിരുന്ന് സംസാരിക്കുന്നതും ഡ്രൈവറുടെ ശ്രദ്ധതിരിക്കുമെന്ന കുറ്റത്തില്‍ വരാം. എന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശമില്ല. അതിനാല്‍ ഇരുചക്ര വാഹനത്തിലുള്ളവര്‍ക്കെതിരെ മാത്രം പിഴയിട്ടാല്‍ അത് നിയമപ്രശ്നമാകും. വാഹനത്തിലിരുന്ന് സംസാരിക്കുന്ന ഒരു കുറ്റമായി മോട്ടോര്‍ വാഹന ചട്ടത്തിലെവിടെയും പറയുന്നുമില്ല. വേണമെങ്കില്‍ അശ്രദ്ധമായ ഡ്രൈവിങ് എന്ന് വകുപ്പില്‍ 500 രൂപ പിഴയീടാക്കാം. പക്ഷെ അത്തരം തീരുമാനമില്ല.
എ.ഐ കാമറ പിടിക്കുമോ?
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന മാര്‍ഗം എ.ഐ കാമറയാണ്. എന്നാല്‍ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിക്കുന്നവരെ എ.ഐ കാമറ പിടിക്കില്ല. ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ സംസാരം, ഹെല്‍മറ്റില്ലാത്തത്, സീറ്റ് ബല്‍റ്റിടാത്തത് എന്നിവ പിടിക്കാനുള്ള രീതിയില്‍ മാത്രമാണ് നമ്മുടെ എ.ഐ കാമറകള്‍ നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്.
തുടര്‍നടപടി എന്ത്?
സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രിയുടെ ആശയവിനിമയത്തിന് ശേഷമാകും പിഴ ഈടാക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം.