കളിക്കുന്നതിനിടെ കാർ ലോക്കായി; കളിച്ചും ചിരിച്ചും രണ്ടു വയസുകാരൻ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

0
121

കോവളം∙ കാറിനുള്ളിലിരുന്നു താക്കോലുമായി കളിക്കുന്നതിനിടെ വാതിലുകൾ ലോക്കായി രണ്ടു വയസ്സുകാരൻ ഉള്ളിലകപ്പെട്ടു. ഒരു മണിക്കൂറോളം ഉള്ളിലകപ്പെട്ട കുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ചു പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു രക്ഷപ്പെടുത്തി. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഇന്നു രാവിലെ വെങ്ങാനൂർ‌ വിളക്കന്നൂർ ക്ഷേത്ര റോഡിലാണ് വീട്ടുകാരെ ഉൾപ്പെടെ മുൾമുനയിൽ നിർത്തിയ സംഭവം. വെങ്ങാനൂർ രോഹിണി ഭവനിൽ നന്ദുവിന്റെ മകൻ ആരവ് ആണ് അബദ്ധത്തിൽ വാഹനത്തിനുള്ളിൽ അകപ്പെട്ടത്. നന്ദു കാർ തുടച്ചുവൃത്തിയാക്കുന്ന ജോലിയിലായിരുന്നു. ഇതിനിടെയാണ് ആരവ് താക്കോലുമായി ഉള്ളിൽ കയറിയത്. വാതിൽ അടഞ്ഞു ലോക്കായതോടെ ആശങ്കയായി.

ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തിരഞ്ഞുവെങ്കിലും വെപ്രാളത്തിനിടെ കണ്ടെത്താനായില്ല. ഉള്ളിലകപ്പെട്ട കുഞ്ഞിനെ ആശ്വസിപ്പിച്ചും മറ്റും വാതിൽ തുറക്കാൻ വീട്ടുകാർ ശ്രമിച്ചു. കഴിയാതെ വന്നതോടെ വിഴിഞ്ഞം ഫയർ ഫോഴ്സിൽ അറിയിച്ചു. എഎസ്ടിഒ സജികുമാർ, ജിഎസ്ടിഒ വിനോദ്കുമാർ, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരുൾപ്പെട്ട സംഘമെത്തി ഗ്ലാസ് തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ലഭിച്ചു. തുടർന്നു കാർ തുറന്നു കുഞ്ഞിനെ പുറത്തെത്തിച്ചു. എയർബാഗ് സംവിധാനം പ്രവർത്തിച്ചു കുഞ്ഞിനു ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയും കുഞ്ഞ് ഉന്മേഷവാനായി കണ്ടതുമാണ് വേഗത്തിൽ ഗ്ലാസ് പൊട്ടിച്ചുള്ള രക്ഷാദൗത്യം നടത്താൻ ശ്രമിക്കാത്തതെന്നും ഫയർഫോഴ്സ് അധികൃതർ വിശദീകരിച്ചു.

ദൃശ്യങ്ങൾ വൈറൽ

വെങ്ങാനൂരിൽ കാറിനുള്ളിലകപ്പെട്ട കുഞ്ഞിന്റെ രക്ഷാ ദൗത്യം തമിഴ്നാട് ചാനലുകളിൽ ബ്രേക്കിങ് വാർത്തയായി. ദൃശ്യങ്ങളും വൈറലായി. കാറിനുള്ളിലകപ്പെട്ടിട്ടും ഉന്മേഷവാനായി പുറത്തു നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചു പെരുമാറുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് സേനാംഗം വയർലസ് സെറ്റു കാട്ടി റിമോട്ടിന്റെ ബട്ടൺ അമർത്തുന്നതിനു കുട്ടിയോട് ആംഗ്യ ഭാഷയിലൂടെ ശ്രമിക്കുന്നതും കുട്ടിയുടെ പരിഭ്രാന്തമല്ലാത്ത ഭാവങ്ങളുമൊക്കെയാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കിയത്. സംഭവത്തിന്റെ വിശദവിവരം തേടി തമിഴ്നാടു ചാനലുകളിൽ നിന്നു വിഴിഞ്ഞം ഫയർസ്റ്റേഷനിലേക്ക് വിളികളെത്തിയെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here