കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് പുറത്തെടുക്കാനാകാത്ത നിലയിലാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായിട്ടില്ല. പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ പുറത്തെടുക്കാനാകൂവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ദുരന്തഭൂമിയില്‍ അഞ്ച് തവണയാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച രാത്രി 12.30ന് യിരുന്നു ആദ്യത്തെ ഉരുള്‍പൊട്ടല്‍. ഒരു മണിക്കൂറിനുള്ളില്‍ 1.25നും തുടര്‍ന്ന് പുലര്‍ച്ചെ 2.30നും ഉരുള്‍പൊട്ടുകയായിരുന്നു. ശേഷം രാവിലെ 7.46നും ഉച്ചയ്ക്ക് 2.30നും ആയിരുന്നു മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചുമാറ്റിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.
ഇരുട്ടുകുത്തി, പോത്തുങ്കല്‍, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിറഞ്ഞൊഴുകുന്ന ചാലിയാറില്‍ മൃതദേഹങ്ങള്‍ കൂടാതെ പാര്‍പ്പിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. ഇരുട്ടുകുത്തി ആദിവാസി കോളനിയിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിക്കുന്നു.
കുടിവെള്ളം എത്തിക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജവവിഭവ വകുപ്പ് 20,000 ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്ടര്‍ ഉപയോഗിക്കും. നിലവില്‍ ദുരന്ത മുഖത്ത് ഭക്ഷണപ്പൊതികളും കുടിവെള്ളവും എത്തിക്കുന്നത് ഹെലികോപ്ടറിലാണ്.