ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 58 വിദേശ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യൻ പാസ്പോർട്ടിന് പട്ടികയിൽ 82ാം സ്ഥാനമാണുള്ളത്. ഇന്തോനേഷ്യ, മാലദ്വീപ്, തായ്‍ലൻഡ് തുടങ്ങിയ ഏറ്റവും ജനകീയമായ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് ഇന്ത്യൻ പൗരൻമാർക്ക് വിസയില്ലാതെ പോകാം.
ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രണ്ടാമത്തെ രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ പൗരൻമാർക്ക് 192 സ്ഥലങ്ങളിലേക്ക് പോകാൻ വിസ വേണ്ട.
ആസ്ട്രിയ, അയർലൻഡ്, ഫിൻലാൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മൂന്നാമത്. ഈ രാജ്യങ്ങളിലെ പൗരൻമാർക്ക് വിസയില്ലാതെ 191 രാജ്യങ്ങൾ സന്ദർശിക്കാം.
പട്ടികയിൽ നാലാമതുള്ള യു.കെ, ന്യൂസിലൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 190 രാജ്യങ്ങൾ സന്ദർശിക്കാൻ വിസ വേണ്ട. ആസ്ട്രേലിയയും പോർച്ചുഗലും ആണ് അഞ്ചാം സ്ഥാനത്ത്. ഈ രണ്ടിടങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് 189 സ്ഥലങ്ങൾ വിസയില്ലാതെ സന്ദർശിക്കാം.
പട്ടികയിൽ എട്ടാംസ്ഥാനത്തുള്ള യു.എസിലെ പൗരൻമാർക്ക് 186 രാജ്യങ്ങളിൽ വിസയില്ലാതെ പോകാം. ആദ്യ പത്തിൽ 34 രാജ്യങ്ങളാണ് ഇടംപിടിച്ചത്.
വിസയില്ലാതെ യാത്ര ചെയ്യുന്നവർക്ക് പ്രായപൂർത്തിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. അതുപോലെ ഇവർക്ക് ടൂറിസ്റ്റുകളായോ ബിസിനസ് ആവശ്യത്തിന് വേണ്ടിയോ കുറച്ച് ദിവസത്തേക്ക് മറ്റ് രാജ്യങ്ങളിൽ വിസയില്ലാതെ പോകാം. എന്നാൽ നയതന്ത്ര സന്ദർശനം പോലുള്ള കാര്യങ്ങൾ വിസയില്ലാതെ അനുവദിക്കില്ല.
അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബൊളീവിയ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, ബുറുണ്ടി, കമ്പോഡിയ, കേപ് വെർദ് ഐലൻഡ്, കൊമൊറോ ഐലൻഡ്, കുക്ക് ഐലൻഡ്, ജിബൂട്ടി, ഡൊമിനിക, എത്യോപ്യ, ഫിജി, ഗ്രെനഡ, ഗിനിയ ബിസാവു, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, ജോർഡൻ, കസാഖ്സ്ഥാൻ, കെനിയ, കിരിബാതി, ലാവോസ്, മകാവോ, മഡഗാസ്കർ, മലേഷ്യ, മാലദ്വീപ്, മാർഷൽ ഐലൻഡ്, മൗറിത്താനിയ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ടെസെറാത്, മൊസാംബിക്, മ്യാൻമർ, നേപ്പാൾ, നിയു, പലാവു ഐസ്‍ലൻഡ്, ഖത്തർ, റുവാണ്ട, സമോവ, സെനഗൽ, സെയ്ചില്ലീസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, താൻസാനിയ, തായ്‍ലൻഡ്, തുനീഷ്യ, സിംബാബ്വെ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇന്ത്യൻ പൗരൻമാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക.