ജിയോയുടെ കൊള്ള തടയാന്‍ ടാറ്റ ഇറങ്ങുന്നു; ബിഎസ്എല്ലുമായി കൈകോര്‍ത്തു; വരുന്നത് വമ്പന്‍ മാറ്റം; ടവറുകള്‍ ഉയര്‍ത്തും; നെറ്റ് വേഗം കുതിക്കും

0
262

സ്വകാര്യ ടെലികോം കമ്പനികളുമായുള്ള യുദ്ധത്തില്‍ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇടലെടുത്തിരിക്കുന്നര്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മാറിയിരുന്നു.

കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പിന്നാലെ എയര്‍ടെല്ലും വിയും (വോഡഫോണ്‍, ഐഡിയ) നിരക്കു വര്‍ധന പ്രഖ്യാപിച്ചു. 12% മുതല്‍ 25% വരെയാണ് ജിയോയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 11% മുതല്‍ 21% വരെ എയര്‍ടെല്ലും, 10% മുതല്‍ 21% വരെ വിയും നിരക്കുകള്‍ ഉയര്‍ത്തി. സാധാരണക്കാരന്റെ കീശ കീറുന്ന താരിഫ് വര്‍ധനയാണ് നടപ്പാക്കിയതെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ കൈപിടിച്ച് ടാറ്റ ടെലികോം സര്‍വീസിലേക്ക് ഇറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എന്‍എലിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാര്‍.

ഭാരത് സഞ്ചാര് നിഗം ലിമിറ്റഡുമായുള്ള 15,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് രാജ്യത്തെ നാല് മേഖലകളില്‍ വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതായാണ് സിഒഒ എന്‍ ഗണപതി സുബ്രഹ്മണ്യം പറയുന്നത്. 4ജി ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാന്‍ ഈ ഡാറ്റ സെന്ററുകള്‍ സഹായിക്കും.

ബിഎസ്എന്‍എല്ലിന്റെ 4ജി സേവനങ്ങള്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട് ഇത് ഒരു ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിരക്കുകള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയതോടെ ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് സിം പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. നിരവധി എയര്‍ടെല്‍, ജിയോ ഉപയോക്താക്കളാണ് തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതെന്നും ഡി.എന്‍.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ജിയോയും എയര്‍ടെല്ലുമാണ് 4ജി ഇന്റര്‍നെറ്റ് സേവന വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍, ടാറ്റയും ബി.എസ്.എന്‍.എല്ലും തമ്മിലെ കരാര്‍ ഇവര്‍ക്ക് വന്‍ വെല്ലുവിളിയാകും.

സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തിന് അനുസൃതമായി പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ഓഗസ്റ്റ് മുതല്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here