ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കുടുംബത്തിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും കോടതി വ്യക്തമാക്കി. ഭർത്താക്കന്മാർ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തണമെന്നും എ.ടി.എം ഉപയോഗിക്കാൻ നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ടും കോടതി സുപ്രധാന ഉത്തരവുകൾ പുറത്തുവിട്ടു. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും വിധിപ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു. വിവാഹ മോചിതയായ മുസ്‌ലിം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാം. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം സുപ്രീം കോടതി തള്ളുകയും ചെയ്തു.