സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

0
170

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു.

ജൂലായ് ഒന്നുമുതൽ 24 വരെയുള്ള കണക്കാണിത്. ജൂണിൽ 36 പേർക്കും മേയിൽ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു.

പുല്ലുകൾ, ചെടി എന്നിവയുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന പനിയാണിത്. എലികളിൽനിന്നും മറ്റും ചെള്ളുവഴി പടരുന്ന ബാക്ടീരിയയാണിത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും.

ചെള്ളിന്റെ കടിയേറ്റ് ബാക്ടീരിയ ശരീരത്തിൽ കടന്നാൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ കാണിക്കും. കടിയേറ്റഭാഗത്ത് കറുപ്പുനിറം കാണാം. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ജൂലായിൽ ഇതുവരെ കൂടുതൽപേർക്ക് ചെള്ളുപനി ബാധിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -73 പേർ. കൊല്ലം -അഞ്ച്, പത്തനംതിട്ട -ഒന്ന്, ഇടുക്കി -ഒന്ന്, കോട്ടയം – രണ്ട്, എറണാകുളം -ഒന്ന്, പാലക്കാട് -മൂന്ന്, കോഴിക്കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റ്‌ ജില്ലകളിലെ കണക്ക്.

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here