ബൈക്കിന് പിഴ 13.39 ലക്ഷം. ഒന്നും രണ്ടുമല്ല 1795 തവണ നിയമം ലംഘിച്ച കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള മണ്ണന്തല സ്വദേശിയുടെ ഇരുചക്രവാഹനമാണ് നിയമലംഘനത്തിന് സംസ്ഥാനത്ത് മുന്നില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകളിലാണ് വാഹനം കുടുങ്ങിയത്.
ഇരുപതിലധികം കേസുകളുള്ള 20,000 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്ത്. ഇവയില്‍നിന്ന് പിഴയായി 54.56 കോടി രൂപ കിട്ടാനുണ്ട്. പിഴ അടയ്ക്കാതിരിക്കുകയും തുടര്‍ച്ചയായി നിയമം ലംഘിക്കുകയും ചെയ്യുന്ന ആദ്യ ഇരുപതില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണുള്ളത്. 250 മുതല്‍ 645 പിഴ നോട്ടീസുകള്‍വരെ ഈ വാഹനങ്ങള്‍ക്കുണ്ട്. 645 കേസുള്ള നെയ്യാറ്റിന്‍കര രജിസ്ട്രേഷനിലെ ഇരുചക്രവാഹനമാണ് (3.95 ലക്ഷം രൂപ) രണ്ടാം സ്ഥാനത്ത്. 550 കേസുള്ള പുനലൂര്‍ രജിസ്ട്രേഷന്‍ വാഹനം (3.26 ലക്ഷം) മൂന്നാം സ്ഥാനത്തും.
ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത 1260 വാഹനങ്ങളും സംസ്ഥാനത്ത് തുടര്‍ച്ചയായി നിയമം ലംഘിക്കുന്നുണ്ട്. മാര്‍ത്താണ്ഡം രജിസ്ട്രേഷനിലുള്ള ബൈക്കിന് 227 കേസുകളില്‍ 1.80 ലക്ഷം രൂപയാണ് ചുമത്തിയത്. 3.58 കോടി രൂപയാണ് ഇതരസംസ്ഥാന വാഹനങ്ങളില്‍നിന്ന് കിട്ടാനുള്ളത്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന ധാരണയിലും അറിഞ്ഞും അറിയാതെയും നിയമം ലംഘിക്കുന്നവര്‍ ഒട്ടേറെ. ഇത്തരം കേസുകള്‍ കോടതിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
പിഴ ചുമത്തുമ്പോള്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസിലൂടെ വിവരം കൈമാറുന്ന സംവിധാനമാണുള്ളത്. എന്നാല്‍, മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാത്തതു കാരണം അറിയാതെ പോകുന്നവരുണ്ട്. മറ്റു ചിലര്‍ ബോധപൂര്‍വം മൊബൈല്‍ നമ്പര്‍ ഒഴിവാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം മറ്റാരുടെയെങ്കിലും പേരിലായിരിക്കും. പിഴ ചുമത്തുന്ന കാര്യം യഥാര്‍ഥ ഉടമ അറിയില്ല.
കേസുകള്‍ 64.72 ലക്ഷം
എ.ഐ. ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത് -2023 ജൂണ്‍ അഞ്ച്
പിടികൂടിയ നിയമലംഘനങ്ങള്‍ (2024 ജൂണ്‍ 12 വരെ)-66.41 ലക്ഷം
ഇ ചെല്ലാന്‍ ചുമത്തിയത് – 64.72 ലക്ഷം കേസുകള്‍
ഇ ചെല്ലാനുകളില്‍ ചുമത്തിയിട്ടുള്ള പിഴ 428.40 കോടി രൂപ