ജയ്പൂര്‍: തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന് 24കാരിയായ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം.
ഭര്‍ത്താവിന്റെ മുന്പില് നിന്നും മാതാപിതാക്കള്‍ യുവതിയെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭര്‍ത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു.
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ യുവതിയുടെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നീട് യുവതിയെ കൊലപ്പെടുത്തി. ശേഷം യുവതിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.
ഭര്‍ത്താവ് പൊലിസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്നിരുന്നു. പിന്നാലെ കുടുംബം രക്ഷപ്പെട്ടു. യുവതിയെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.