കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. എം. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം, തടങ്കലിലിട്ട് മർദിച്ച വീട്, സമീപത്തെ ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലെത്തി. പരാതിക്കാരും കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ രണ്ട് സഹോദരൻമാർ, കൂട്ടുകാരൻ എന്നിവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചതായി അന്വേഷണസംഘം അറിയിച്ചു.
2022 ജൂൺ 26-നാണ് പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ (32) നാട്ടിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽവെച്ച് മർദിച്ച് കൊലപ്പെടുത്തിയത്. കാൽവെള്ളയിലും അരക്കെട്ടിലും മർദനമേറ്റനിലയിൽ അതേദിവസം വൈകീട്ട് ബന്തിയോട്ടെ ആസ്പത്രിയിൽ സിദ്ദിഖിനെ എത്തിച്ച് കൊലയാളിസംഘം മുങ്ങുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിന് രണ്ടുദിവസം മുൻപ് സിദ്ദിഖിന്റെ സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും സംഘം തടങ്കലിലാക്കിയിരുന്നു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സിദ്ദിഖിനെ നാട്ടിൽ വിളിച്ചുവരുത്തിയതെന്നും പോലീസിന്റെ പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പണമിടപാടിനെ തുടർന്നാണ് മഞ്ചേശ്വരം സ്വദേശികൾ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലപാതകം ചെയ്തതെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ നൽകിയവരുൾപ്പെടെ വിദേശത്തേക്ക് കടന്നിരുന്നതായും ഗൂഢാലോചന അന്വേഷിച്ചില്ലെന്നും ആക്ഷേപമുയർന്നതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം വന്നത്.