ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്, അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

0
136

പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുതെന്നും അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. സഹായങ്ങൾക്കായി 112 എന്ന നമ്പറിൽ വിളിക്കാമെന്നും പൊലീസ് അറിയിച്ചു.

‘ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്🙏🏻. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം’ – പോസ്റ്റ്

അതേസമയം വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി കേരള പൊലീസ് നേരത്തെ അറിയിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പോലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് തിരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പോലീസുകാരെയും വിന്യസിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here