രാഹുല്‍ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്.
രണ്ട് തവണ ലോകകപ്പ് നേടിയ ഗംഭീറിന് താരങ്ങളില്‍നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍ സഞ്ജയ് ഭരദ്വാജ് പറഞ്ഞു. ഗംഭീര്‍ ചുക്കാന്‍ പിടിക്കുന്നതോടെ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ഗംഭീര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ നവ്ദീപ് സൈനിയെയും തിരഞ്ഞെടുപ്പിനായി പരിഗണിച്ചേക്കുമെന്ന് സഞ്ജയ് ഭരദ്വാജ് പിടിഐയോട് പറഞ്ഞു.
വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ക്യാപ്റ്റനായും മുഖ്യ പരിശീലകനായും നവദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. രോഹിത് ശര്‍മ്മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാലത്തുപോലും സൈനിയെ പരിഗണിച്ചിരുന്നില്ല.
‘കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി തുടങ്ങിയ കളിക്കാരെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. അവര്‍ അവന്റെ പ്രൊഡക്റ്റുകളാണ്. ഐപിഎല്‍ 2024ല്‍ സുനില്‍ നരെയ്നൊപ്പം അദ്ദേഹം അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണവും ക്രിക്കറ്റ് മിടുക്കും എപ്പോഴും മികച്ചതാണ്,’ ഭരദ്വാജ് പറഞ്ഞു.
2024 ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കുല്‍ദീപ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, യാദവ് സ്ഥിരമായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ല. ഏകദിനത്തില്‍ പോലും സ്ഥിരമായി കളിക്കാറില്ല. 2021ലാണ് സൈനി അവസാനമായി ഇന്ത്യക്കായി കളിച്ചത്.