25 വിരലുകളുമായി നവജാത ശിശു; ദൈവാനുഗ്രഹമെന്ന് കുടുംബം

0
109

ബെം​ഗളൂരു: കർണാടകയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗല്‍ക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 13 കൈവിരലുകളും 12 കാല്‍ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന്റെ വലതുകൈയില്‍ ആറ് വിരലുകളും ഇടത് കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുഞ്ഞിന് വിരൽ കൂടിയതിൽ കുടുംബത്തിന് യാതൊരു സങ്കടവുമില്ല. മറിച്ച്, സന്തോഷത്തിലാണ് അവര്‍.

ഇത്തരമൊരു ആണ്‍കുഞ്ഞ് പിറന്നത് ദൈവാനുഗ്രഹമാണെന്ന് അമ്മ ഭാരതി പറഞ്ഞു. കുഞ്ഞിന്‍റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് പിതാവായ ഗുരപ്പ കോണൂരും പ്രതികരിച്ചു. തങ്ങൾ ആരാധിക്കുന്ന ദേവിയുടെ അവതാരമാണെന്ന് ഈ കുഞ്ഞെന്നാണ് വീട്ടുകാരുടെ വിശ്വാസം.

തന്‍റെ ഭാര്യ കർണാടകയിലെ കുന്ദരാഗിയിലുള്ള ശ്രീ ഭുവനേശ്വരി ദേവി ശക്തിപീഠം സുരഗിരി ഹിൽസ് ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നുവെന്നും ഗുരപ്പ പറഞ്ഞു. ബാഗല്‍കോട്ട് ജില്ലയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ സൺഷൈൻ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.

കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂര്‍വ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here