സൂര്യകുമാറിന്‍റെ ക്യാച്ച് വിവാദത്തില്‍ പുതിയ വിശദീകരണം; ഇനി തര്‍ക്കം അവസാനിപ്പിക്കാം

0
177

ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലോ ഫുള്‍ട്ടോസായപ്പോള്‍ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായി ഓടിപ്പിടിച്ചു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത് വായുവിലേക്ക് എറിഞ്ഞ് തിരികെ ബൗണ്ടറിക്ക് ഉള്ളില്‍ കയറി സൂര്യകുമാര്‍ ക്യാച്ച് പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ജയം ഉറപ്പിച്ച ക്യാച്ചായിരുന്നു അത്.

എന്നാല്‍ സൂര്യയുടെ ക്യാച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കക്ക് പരാതിയില്ലെങ്കിലും ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്നും ബൗണ്ടറി കുഷ്യന്‍ യഥാര്‍ത്ഥ സ്ഥാനത്തല്ലായിരുന്നു പിന്നിലേക്ക് തള്ളി നീക്കിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സൂര്യയുടെ ക്യാച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്റ്റേഡിയത്തില്‍ മത്സരം കാണാനുണ്ടായിരുന്നു ക്രിക്കറ്റ് സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന രജനീഷ് ഗുപ്ത എന്ന ആരാധകന്‍. മത്സരം കാണാനായി ഞാൻ ഗ്രൗണ്ടിലെ ടിവി കമന്‍ററി ബോക്സിലുണ്ടായിരുന്നു. പ്രചരിച്ച ചിത്രങ്ങളില്‍ ബൗണ്ടറി ലൈനിന്‍റെ ദൃശ്യങ്ങളും ബൗണ്ടറി കുഷ്യന്‍ മാറിക്കിടക്കുന്നതും കാണാനാവും. എന്നാല്‍ ആ വെള്ള വര ആിരുന്നില്ല മത്സത്തിലെ ബൗണ്ടറി ലൈന്‍. പിച്ച് മാറുമ്പോള്‍ ബൗണ്ടറികളുടെ നീളവും ക്രമീകരിക്കും. അതുപ്രകാരം ക്രമീകരിച്ചപ്പോള്‍ കാണുന്നതാണ് ആ വെള്ളവര. മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സിന്‍റെ തുടക്കം മുതൽ ഇങ്ങനെ തന്നെയായയിരുന്നു ബൗണ്ടറി റോപ്പും വരയും കിടന്നിരുന്നത്.

ബൗണ്ടറി കുഷ്യനുകള്‍ മാറ്റുമ്പോള്‍ മുമ്പുണ്ടായിരുന്ന സ്ഥലത്ത് വെളുത്ത വര കാണാനാവും. എന്നാല്‍ ഓരോ മത്സരത്തിനും അനുസരിച്ച് പിച്ച് മാറുമ്പോള്‍ ബൗണ്ടറി കുഷ്യനും അതിനനുസരിച്ച് പിന്നിലേക്കോ മുന്നിലേക്കോ നീക്കേണ്ടിവരും. ഇതൊരു സാധാരണ രീതിയാണ്.

പ്രചരിച്ച ചിത്രങ്ങളില്‍ തന്നെ ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ല, മുഴുവൻ മുഴുവന്‍ ബൗണ്ടറി കുഷ്യനും കയറും പിന്നിലേക്ക് മാറിയതായി വ്യക്തമാണ്. ഒരു ഫീൽഡർ അറിഞ്ഞുകൊണ്ട് ബൗണ്ടറി റോപ്പ് മാറ്റുകയും ഗ്രൗണ്ട് സ്റ്റാഫ് അത് ശരിയായ സ്ഥലത്ത് തിരികെ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യമല്ല ഇവിടെ ഉണ്ടായിരിക്കുന്നതെന്നും ഒന്നുമില്ലാത്തപ്പോൾ ദയവായി വിവാദങ്ങൾ ഉണ്ടാക്കരുതെന്നും രജനീഷ് ഗുപ്ത എക്സ് പോസ്റ്റില്‍ പറഞ്ഞു. ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ടി20 ലോകകപ്പില്‍ രണ്ടാം കിരീടം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here