കന്നഡ ഉൾപ്പെടെ അറിയാം; ഷിരൂരിൽ മലയാളികളുടെ ആശ്രയമായി എ.കെ.എം അഷറഫ് എംഎൽഎ

0
183

കാർവാർ (കർണാടക)∙ ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലത്ത് കന്നഡ – മലയാളം ഭാഷാ വിവർത്തകന്റെയും ഏകോപനത്തിന്റെയും ചുമതല വഹിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്. രക്ഷാപ്രവർത്തന പുരോഗതി വിലയിരുത്താനെത്തുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം പ്രധാന തടസ്സം ഭാഷയാണ്. കന്നഡ അറിയാത്തവർക്കു പരസ്പര ആശയവിനിമയം നടത്താൻ മധ്യസ്ഥന്റെ റോളും അഷറഫ് നിർവഹിക്കുന്നു.

മലയാളം, തുളു, കന്നഡ, ഇംഗ്ലിഷ്, ഹിന്ദി തുടങ്ങി ധാരാളം ഭാഷകൾ കൈകാര്യം ചെയ്യാൻ അഷറഫിനു വൈദഗ്ധ്യമുണ്ട്. മഞ്ചേശ്വരത്തുനിന്നുള്ള കന്നഡ മാതൃഭാഷയായിട്ടുള്ള എംഎൽഎ എന്ന നിലയിലാണ് അഷറഫ് ഇവിടെ എത്തിയത്. അപകടസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെ ബാരിക്കേ‍ഡ് വച്ച് തടഞ്ഞ മേഖലയിൽ കേരളത്തിൽനിന്നുള്ള എംഎൽഎമാരായ സച്ചിൻദേവ്, ലിൻഡോ ജോസഫ് എന്നിവരെ അകത്തേക്കു കടത്തിവിടാൻ ഇടപെടൽ നടത്തിയതും അഷറഫാണ്. എംഎൽഎമാർ ആണെന്നു പറഞ്ഞിട്ടും ഇവരെ കടത്തിവിടാൻ കർണാടക പൊലീസ് ഡിവൈഎസ്പി തയാറായില്ല.

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി
അഷറഫ് ദിവസങ്ങളായി ഇവിടെ ക്യാംപ് ചെയ്യുന്നതിനാൽ കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കും സുപരിചിതനാണ്. എംഎൽഎമാർ എത്തുന്ന സമയത്തു വേണ്ട സൗകര്യമൊരുക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ നേരിട്ട് അഷറഫിനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസം സ്ഥലത്തുണ്ടായിരുന്ന കോഴിക്കോട് എംപി എം.കെ.രാഘവനൊപ്പവും സംഭവ സ്ഥലത്ത് അഷറഫ് ഉണ്ടായിരുന്നു. സൈന്യവുമായി സംസാരിച്ചു പലപ്പോഴും കാര്യങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവയ്ക്കുന്നതും അഷറഫാണ്.

അർജുന്റെ ജീവനു വേണ്ടി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മലയാളികളടക്കമുള്ളവർക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തിലാണ് അതിർത്തി മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ ദുരന്തഭൂമിയിൽ എത്തിയതെന്ന് അഷറഫ് പറഞ്ഞു. അവധി ദിവസമായ ഞായറാഴ്ചയിലെ നിരവധി പരിപാടികൾ റദ്ദാക്കിയായിരുന്നു ഷിരൂരിലേക്കു ശനിയാഴ്ച രാത്രി തന്നെ യാത്ര തിരിച്ചത്. അർജുനടക്കം നാലു പേർക്കായി തിരച്ചിൽ പുരോഗമിക്കുന്ന സ്ഥലത്ത് ക്യാംപ് ചെയ്ത അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയായിരുന്നു. അർജുനെ കാണാതായി ആറാംനാൾ പിന്നിടുമ്പോൾ രക്ഷാപ്രവർത്തനത്തിനു വേഗം കൈവരിക്കാനായതും, സൈന്യത്തിന്റെയും നേവിയുടെയും സഹായം ലഭ്യമാക്കിയതും അർജുനെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷ വർധിപ്പിച്ചുവെന്നും എംഎൽഎ പങ്കുവച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ മകൽ വൈദ്യ, സതീഷ് ജാർകിഹോളി, കൃഷ്ണ ബൈര ഗൗഡ, എം.കെ. രാഘവൻ എം.പി, എംഎൽഎമാരായ സതീഷ് സെയിൽ, ആർ.വി. ദേശ്പാണ്ഡെ എന്നിവരോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു. പിന്നീട് സിദ്ധരാമയ്യയുമായി സ്ഥിതിഗതികൾ വിലയിരുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നിർദേശപ്രകാരമാണ് എ.കെ.എം.അഷ്റഫ് ഷിരൂരിലെ ദുരന്തഭൂമിയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here